ഗാന്ധിനഗർ: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഗുജറാത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാജേഷ് സോണിയാണ് അറസ്റ്റിലായത്.
സമൂഹമാധ്യമത്തിൽ തെറ്റിദ്ധരിപ്പിക്കുന്നതും മനോവീര്യം തകർക്കുന്നതുമായ ഉള്ളടക്കം അപ്‌ലോഡ് ചെയ്‌തുവെന്നാരോപിച്ചാണ് അറസ്റ്റ്. ബി.എൻ.എസിലെ കർശനമായ വകുപ്പ് പ്രകാരം കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.
പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കാൻ ഇന്ത്യൻ സായുധ സേന കഴിഞ്ഞ മാസം ആരംഭിച്ച ഓപ്പറേഷനെക്കുറിച്ചുള്ള വിവാദപരമായ പോസ്റ്റുകളുടെ പേരിൽ വ്യാഴാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് ശേഷം സംസ്ഥാന സി.ഐ.ഡിയുടെ സൈബർ ക്രൈം സെൽ രാജേഷ് സോണിയെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് (സി.ഐ.ഡി-സൈബർ ക്രൈം) ഭരത് സിങ് ടാങ്ക് പറഞ്ഞു.
ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 152 (ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ), 353(1)(എ) (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.