ഡൽഹി: ഒഡിഷയിലെ ജഗത്പൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് പലതവണ കൂട്ടബലാത്സംഗം ചെയ്തു. പെൺകുട്ടി ഗർഭിണിയായതോയെ കുറ്റകൃത്യം മറച്ചുവെക്കാൻ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ച സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൃത്യത്തിൽ ഒരാൾ കൂടി ഉണ്ടെന്നും ഇയാൾ ഒളിവിലാണെന്നുമാണ് റിപ്പോർട്ടുകൾ. ജഗത്പൂരിലെ ബനഷ്ബാര ഗ്രാമത്തിലെ ഭാഗ്യധർ ദാസ്, പഞ്ചനൻ ദാസ് എന്നീ സഹോദരന്മാരാണ് പിടിയിലായത്.
ഇവരും തുളു ബാബു എന്ന കൂട്ടാളിയും ചേർന്ന് പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായി.
പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം അറിഞ്ഞതോടെ, കുറ്റകൃത്യം മറച്ചുവെക്കാൻ മൂന്ന് പ്രതികളും ഇരയുടെ ജീവനോടെ കുഴിച്ചിടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, പ്രതികളുടെ കയ്യിൽ നിന്നും ഓടി രക്ഷപ്പെട്ട പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു.
തുടർന്ന് അതിജീവിതയെ വൈദ്യചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. മൂന്നാമത്തെ പ്രതിയെ കണ്ടത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.