ലഖ്നൗ: യുപിയിൽ കുടുംബ വഴക്കിനിടെ യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയതായി പരാതി. അമേഠിയിലെ ജഗദീഷ്പുരിലെ ഫസൻഗൻജ് കച്നാവ് ഗ്രാമത്തിലാണ് സംഭവം.
ശനിയാഴ്ച രാത്രിയാണ് ആക്രമണം. അൻസാർ അഹമദ് (38) എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാൾക്ക് രണ്ട് ഭാര്യമാരുണ്ട്. രണ്ടാം ഭാര്യയിൽ നിന്നാണ് ഉപദ്രവം നേരിട്ടതെന്നു പൊലീസ് വ്യക്തമാക്കി.
സേബ്ജോൾ, നസ്നീൻ ബാനു എന്നിവരാണ് അൻസാറിന്റെ ഭാര്യമാർ. ഇതിൽ നസ്നീനാണ് അൻസാറിനെ ആക്രമിച്ചത്. രണ്ട് ഭാര്യമാരിലും അൻസാറിനു കുട്ടികൾ ഇല്ല.
ഇതേച്ചൊല്ലി വീട്ടിൽ വഴക്കു പതിവാണെന്നു പരിസരവാസികൾ പറയുന്നു. അത്തരമൊരു വാക്കു തർക്കമാണ് കഴിഞ്ഞ ദിവസവും ഉണ്ടായത്. അതിനിടെയാണ് നസ്നീൻ കത്തി ഉപയോഗിച്ച് ഭർത്താവിനെ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ അൻസാറിനെ നാട്ടുകാർ ചേർന്നു ജഗദീഷ്പുരിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി റായ്ബറേലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിവൽ നസ്നീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നു.