/sathyam/media/media_files/2025/08/20/jaipur-murder-2025-08-20-14-59-38.jpg)
ജയ്പൂര്‍: രാജസ്ഥാനിൽ സിഐഡി ക്രൈം ഷോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
കൊല്ലപ്പെട്ടയാളുടെ ഭാര്യ സന്തോഷ്, കാമുകൻ ഋഷി ശ്രീവാസ്തവ, സുഹൃത്ത് മോഹിത് ശർമ്മ എന്നിവരാണ് പിടിയിലായത്.
വെബ് സീരീസ്, സിഐഡി ക്രൈം ഷോ എന്നിവയില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിനോട് പ്രതികള്‍ സമ്മതിച്ചു.
35 വയസ്സുള്ള മനോജ് കുമാർ റൈഗറിനെ ഈ മാസം ആദ്യം നഗരത്തിലെ ഒരു ഫുട്ബോൾ ഗ്രൗണ്ടിന് സമീപം കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്താണ് കൊലപാതകം നടത്തിയത്.
സംഭവസ്ഥലത്ത് സാക്ഷികളോ സിസിടിവി ക്യാമറയോ ഇല്ലാതിരുന്നതിനാൽ അന്വേഷണം വളരെ ദുഷ്കരമായിരുന്നു. എന്നാൽ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും പ്രതികളെ കണ്ടെത്താൻ സഹായകരമായി. തുടർന്ന് പൊലീസ് കൊല്ലപ്പെട്ടയാളുടെ ഭാര്യ, കാമുകൻ, സുഹൃത്ത് എന്നിവരെ പിടികൂടുകയായിരുന്നു.
സന്തോഷിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മനോജിന് സംശയമുണ്ടായിരുന്നു. ഇതിന്‍റെ പേരിൽ വീട്ടില്‍ പലപ്പോഴും വഴക്കുണ്ടാകുകയും മനോജ് സന്തോഷിനെ ഉപദ്രവിക്കുകയും ചെയ്തിരുന്നു.
ഇതിനെത്തുടർന്ന് സന്തോഷ് തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്താനായി മറ്റ് രണ്ട് പ്രതികളുമായി ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ, വെബ് സീരീസുകളും സിഐഡി പോലുള്ള ക്രൈം ഷോകളും കണ്ടാണ് താൻ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സന്തോഷ് സമ്മതിച്ചു.
പൊലീസിന്റെ അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കുന്നതിന്, പ്രതികൾ പരസ്പരം സംസാരിക്കാൻ പുതിയ സിം കാർഡുകളാണ് ഉപയോഗിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ മനോജിനൊപ്പം മറ്റൊരാൾ ഓട്ടോറിക്ഷയില്‍ പോകുന്നത് കണ്ടതാണ് കേസിൽ വഴിത്തിരിവായത്. ഈ സൂചനയാണ് പ്രതികളിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്.