/sathyam/media/media_files/2025/08/23/greater-noida-women-2025-08-23-21-51-57.jpg)
ഡൽഹി: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ഇരുപത്തിയാറുകാരിയെ തീ കൊളുത്തി കൊന്നു. ഗ്രേറ്റർ നോയിഡയിലെ സിർസ ഗ്രാമത്തിൽ ആണ് സംഭവം.
കേസിൽ പ്രധാന പ്രതിയായ ഭർത്താവ് വിപിൻ അറസ്റ്റിലായി. രോഹിത് (സഹോദരൻ), ദയ (ഭാര്യമാതാവ്), സത്‌വീർ (ഭാര്യപിതാവ്) എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.
നിക്കി എന്ന പെൺകുട്ടിയെ വ്യാഴാഴ്ച രാത്രി ഗുരുതരമായ പൊള്ളലേറ്റ നിലയിൽ ഗ്രേറ്റർ നോയിഡയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.
മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് റഫർ ചെയ്‌തെങ്കിലും വഴിമധ്യേ മരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
നിക്കിയുടെ മൂത്ത സഹോദരി കാഞ്ചൻ ആണ് പരാതി നൽകിയത്. ഇവരും ഇതേ കുടുംബത്തിലേക്ക് ആണ് വിവാഹിതയായി ചെന്നത്. 2016ൽ ആയിരുന്നു സിർസയിലെ വിപിനെ യുവതി വിവാഹം കഴിച്ചത്. ആറ് മാസത്തിന് ശേഷമാണ് സ്ത്രീധന പീഡനം ആരംഭിച്ചതെന്ന് സഹോദരി പറഞ്ഞു.
വിവാഹ സമയത്ത് വീട്ടുകാർ ഒരു ബ്രാൻഡഡ് എസ്‌യുവിയും വിലപിടിപ്പുള്ള വസ്തുക്കളും നൽകിയിട്ടും നിക്കിയുടെ ഭർതൃവീട്ടുകാർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടിരുന്നുവെന്ന് കാഞ്ചൻ ആരോപിച്ചു.
“അച്ഛൻ മമ്മിയെ ലൈറ്റർ ഉപയോഗിച്ച് കത്തിച്ചു കൊന്നു” എന്ന് നിക്കിയുടെ കുഞ്ഞ് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചിരിക്കുന്നുണ്ട്. ഇത് പുറത്തുവന്നതോടെയാണ് പ്രതിഷേധവും ഉയർന്നത്.