സ്ത്രീധന പീഡനം: ബംഗളൂരുവിൽ ഗർഭിണിയായ യുവതി മരിച്ച നിലയിൽ. പാനിപൂരി വിൽപ്പനക്കാരനായ ഭർത്താവ് അറസ്റ്റിൽ

New Update
BENGALURU-CRIME

ബംഗളൂരു: ബംഗളൂരുവിൽ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശിൽപ പഞ്ചാംഗമഠ് (27) എന്ന യുവതിയെ ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 80 (2) (സ്ത്രീധന മരണം), സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ 3 (സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള ശിക്ഷ), സെക്ഷൻ 4 (സ്ത്രീധനം ആവശ്യപ്പെടുന്നതിനുള്ള ശിക്ഷ) എന്നിവ പ്രകാരം ഭർത്താവ് പ്രവീൺ, അമ്മ ശാന്തവ്വ എന്നിവർക്കെതിരെ സുഡ്ഡുഗുണ്ടെപാളയ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരയുടെ അമ്മ ശാരദ ബി പഞ്ചാംഗമാതയുടെ പരാതിയെത്തുടർന്ന് ആണ് ഓഗസ്റ്റ് 27 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

എഫ്‌ഐആറിൽ പറയുന്നതനുസരിച്ച്, പ്രവീണും അമ്മയും ശിൽപയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ശിൽപയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പ്രവീൺ ജോലി ഉപേക്ഷിച്ചു. പിന്നീട് പാനി പൂരി വില്പനയിലേക്ക് കടന്നു. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.

വിവാഹത്തിന് മുൻപ് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു ശിൽപ. “വിവാഹച്ചെലവ് ഏകദേശം 35 ലക്ഷം രൂപയായിരുന്നു, വരന് സ്ത്രീധനമായി 150 ഗ്രാം സ്വർണ്ണാഭരണങ്ങൾ നൽകി,” ശാരദ പറഞ്ഞതായി എഫ്‌ഐആറിൽ പറയുന്നു.

ഓഗസ്റ്റ് 26 ന് രാത്രി 9.15 ഓടെ, വീട്ടിൽ ശിൽപ ആത്മഹത്യ ചെയ്തതായി കുടുംബത്തിന് വിവരം ലഭിച്ചു. എന്നാൽ ആ മരണത്തിൽ കുടുംബം ദുരൂഹത ഉന്നയിക്കുന്നുണ്ട്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിത് എന്നാണ് കുടുംബം പറയുന്നത്. മരണസമയത്ത് അവർ ഒന്നര മാസം ഗർഭിണിയായിരുന്നു.

ശിൽപ കൊല്ലപ്പെട്ടതാണെന്ന് സഹോദരി സൗമ്യ ആരോപിച്ചു. “അവരുടെ അമ്മായിയമ്മ അവരെ ശാരീരികമായി അപമാനിക്കാറുണ്ടായിരുന്നു. അവർ അവരെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. ആത്മഹത്യയാണെന്ന് അവർ കള്ളം പറയുകയാണ്. അവർ അവളെ കൊലപ്പെടുത്തി,” സൗമ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനാണ് നിലവിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. ശിൽപയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷം മാതാപിതാക്കൾക്ക് കൈമാറി.

Advertisment