/sathyam/media/media_files/2025/09/03/1000234858-2025-09-03-20-26-17.jpg)
ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5.618 കിലോഗ്രാം കൊക്കെയ്നുമായി വന്ന രണ്ടുപേര്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡ് ബാഗേശ്വർ ജില്ലക്കാരനായ ഹിമാൻഷു ഷാ (25), ഹിമാചൽ പ്രദേശ് ചമ്പ ജില്ലക്കാരനായ സാഹിൽ അത്രി (26) എന്നിവരാണ് അറസ്റ്റിലായത്.
നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ചെന്നൈ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് വേട്ട നടന്നത്. എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് വന്നവരാണ് ഇവര്‍.
യാത്രക്കാരുടെ കൈവശമുണ്ടായിരുന്ന ബാഗ് സ്കാൻ ചെയ്ത് പരിശോധിച്ചപ്പോഴാണ് ചോക്ലേറ്റിന്റെ രൂപത്തിൽ പാക്ക് ചെയ്ത കൊക്കെയ്ൻ ക്യാപ്സൂളുകള്‍ കണ്ടെടുത്തതെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണർ കെ സതീഷ് കുമാർ അറിയിച്ചു. 56 കോടി രൂപ വിലവരുന്ന 5.618 കിലോഗ്രാം കൊക്കെയ്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് കൊണ്ടുവന്ന ഈ മയക്കുമരുന്ന് ഡൽഹിയിൽ എത്തിക്കാനായിരുന്നു ഇവര്‍ ഉദ്ദേശിച്ചിരുന്നതെന്ന് എൻസിബി സോണൽ ഡയറക്ടർ പി അരവിന്ദൻ പത്രക്കുറിപ്പിൽ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ അറസ്റ്റിലായവർ മുംബൈയിലും ഡൽഹിയിലും ബന്ധങ്ങളുള്ള അന്താരാഷ്ട്ര കൊക്കെയ്ൻ കടത്ത് സംഘത്തിലെ കണ്ണികളാണെന്ന് കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു വിദേശ പൗരൻ ഉൾപ്പെടെ രണ്ട് പേരെ മുംബൈയിൽ നിന്ന് പിടികൂടാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചു. ഇവരാണ് പിടിയിലായ മറ്റ് രണ്ട് പേര്‍.