ന്യൂഡല്‍ഹി: ചോദ്യം ചെയ്യലിനിടെ കെജ്‌രിവാള്‍ ഡല്‍ഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുടെ പേര് പറഞ്ഞെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളില്‍ ഒരാളായ വിജയ് നായര്‍ അതിഷി, സൗരഭ് എന്നിവരോടാണ് ബന്ധപ്പെട്ടതെന്ന് കെജ്‌രിവാള്‍ പറഞ്ഞതായി ഇഡി കോടതിയില്‍ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലില്‍ കെജ്‌രിവാള്‍ നിസഹകരിക്കുകയാണെന്നും അന്വേഷണ ഏജന്‍സി പറയുന്നു.
ഇഡിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മദ്യനയക്കേസില്‍ ഡല്‍ഹി സര്‍ക്കാരിന്റെ പങ്ക് കൂടുതല്‍ വ്യക്തമായെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. കെജ്‌രിവാളിനെ ജ്യുഡിഷ്യൽ കസ്റ്റഡിൽ വിട്ടുകൊണ്ടുള്ള ഇന്നത്തെ കോടതിവിധി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി എംപി സുധാൻഷു തൃവേദി പറഞ്ഞു.
ലാലു പ്രസാദ് യാദവാണ് ഇപ്പോള്‍ കെജ്‌രിവാളിന്റെ ഗുരു. ജയിലില്‍ പോകും മുമ്പ് ലാലു രാജിവെച്ചു. എന്നാല്‍ കെജ്‌രിവാള്‍ രാജി വെച്ചില്ല. കെജ്‌രിവാള്‍ രാജിവയ്ക്കുമോ, അതോ പുതിയ തന്ത്രമൊരുക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്നും സുധാന്‍ഷു പറഞ്ഞു.