/sathyam/media/media_files/WSi9IwGqEkPDEIpP6TZ6.jpg)
ന്യൂഡല്‍ഹി: താനുമായുള്ള പോരാട്ടത്തിലേക്ക് മാതാപിതാക്കളെ വലിച്ചിഴക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 'നിങ്ങളുടെ പോരാട്ടം എന്നോടാണ്. എൻ്റെ രോഗികളായ, വൃദ്ധരായ മാതാപിതാക്കളെ ഉപദ്രവിക്കരുത്. ദൈവം എല്ലാം വീക്ഷിക്കുന്നു' എന്നായിരുന്നു കെജ്‌രിവാളിന്റെ വാക്കുകള്‍.
സ്വാതി മലിവാള്‍ കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിൻ്റെ മാതാപിതാക്കളെ ഡൽഹി പൊലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് കെജ്‌രിവാളിന്റെ അപേക്ഷ.
കെജ്‌രിവാളിൻ്റെ സഹായി ബിഭാവ് കുമാർ തന്നെ മര്‍ദ്ദിക്കുമ്പോള്‍ കെജ്‌രിവാളിൻ്റെ മാതാപിതാക്കളും അവിടെയുണ്ടായിരുന്നുവെന്ന് എഎപി എംപി സ്വാതി മലിവാള്‍ പരാതിയില്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ഇതിനായി പൊലീസ് വരും ദിവസങ്ങളില്‍ കെജ്‌രിവാളിന്റെ വസതിയിലെത്തും.
"ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള എൻ്റെ അഭ്യർത്ഥനയാണ്. പ്രധാനമന്ത്രി, നിങ്ങൾ എന്നെ താഴെയിറക്കാൻ നിരവധി ശ്രമങ്ങൾ നടത്തി. നിങ്ങൾ എന്നെ അറസ്റ്റ് ചെയ്തു; തിഹാറിൽ വച്ച് എന്നെ പലതരത്തിൽ ഉപദ്രവിച്ചു. പക്ഷെ ഞാൻ വഴങ്ങിയില്ല. ഇന്ന്, നിങ്ങൾ എൻ്റെ മാതാപിതാക്കളെ ലക്ഷ്യം വെച്ചതിനാൽ എല്ലാ പരിധികളും ലംഘിച്ചു. എൻ്റെ അമ്മയ്ക്ക് നല്ല അസുഖമുണ്ട്. അമ്മ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ വന്ന ദിവസമായിരുന്നു നിങ്ങള്‍ എന്നെ അറസ്റ്റു ചെയ്തത്. എൻ്റെ അച്ഛന് 85 വയസ്സായി. അദ്ദേഹത്തിന് കേൾവിക്കുറവുണ്ട്. അവർ എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? എന്തിനാണ് പൊലീസ് അവരെ ചോദ്യം ചെയ്യുന്നത്," കെജ്‌രിവാൾ പറഞ്ഞു.
"ഞാൻ എൻ്റെ മാതാപിതാക്കളോടും ഭാര്യയോടും ഒപ്പം പൊലീസിനായി കാത്തിരിക്കുകയാണ്. ഇന്നലെ പൊലീസ് എൻ്റെ മാതാപിതാക്കളെ വിളിച്ച് ചോദ്യം ചെയ്യാൻ സമയം ചോദിച്ചു. എന്നാൽ അവർ വരുമോ ഇല്ലയോ എന്ന വിവരം ഇതുവരെ നൽകിയിട്ടില്ല," കെജ്‌രിവാൾ 'എക്‌സി'ൽ എഴുതി.