അഹമ്മദാബാദ്: 2013 ലെ ബലാത്സംഗ കേസില്‍ ഗാന്ധിനഗര്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കുറ്റവാളി ആശാറാം ബാപ്പുവിന്റെ താല്‍ക്കാലിക ജാമ്യം ഗുജറാത്ത് ഹൈക്കോടതി ഓഗസ്റ്റ് 21 വരെ നീട്ടി.
ജസ്റ്റിസുമാരായ ഇലേഷ് വോറ, പിഎം റാവല്‍ എന്നിവരടങ്ങിയ ബെഞ്ച് ആശാറാമിന്റെ താല്‍ക്കാലിക ജാമ്യം ഓഗസ്റ്റ് 21 വരെ നീട്ടി. ആശാറാമിനെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ബെഞ്ച് പറഞ്ഞു.
ഹര്‍ജിക്കാരന്‍ നിലവില്‍ ഇന്‍ഡോറിലെ ജൂപ്പിറ്റര്‍ ആശുപത്രിയിലെ ഐസിയുവിലാണ് എന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തിന്റെ ട്രോപോണിന്റെ അളവ് വളരെ ഉയര്‍ന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നു.
ഇത്തരം സാഹചര്യങ്ങളില്‍, നേരത്തെ നല്‍കിയ താല്‍ക്കാലിക ജാമ്യം ഈ അപേക്ഷ തീര്‍പ്പാക്കുന്നത് വരെ അതേ വ്യവസ്ഥകളോടെ ഓഗസ്റ്റ് 21 വരെ നീട്ടി.
നേരത്തെ, കോടതി അദ്ദേഹത്തിന് ജൂലൈ 7 വരെ ഇടക്കാല ഇളവ് അനുവദിച്ചിരുന്നു, തുടര്‍ന്ന് ഈ ഇളവ് ഒരു മാസത്തേക്ക് കൂടി നീട്ടിയിരുന്നു.