ഡല്‍ഹി: മധ്യേഷ്യന്‍ രാജ്യമായ അസര്‍ബൈജാന്‍ പാകിസ്ഥാനോടൊപ്പം നില്‍ക്കുമ്പോഴും ഈ മേഖലയിലെ മൂന്ന് പ്രധാന രാജ്യങ്ങളായ കസാക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നിവ തീവ്രവാദ വിഷയത്തില്‍ ഇന്ത്യയെ പരസ്യമായി പിന്തുണച്ച് രംഗത്ത്.
വ്യാഴാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഈ മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായി പ്രത്യേകം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.
നാലാമത് ഇന്ത്യ-മധ്യേഷ്യ സംഭാഷണം വെള്ളിയാഴ്ച നടക്കും. കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാരും ഇതില്‍ പങ്കെടുക്കും.
ഭീകരവാദ വിഷയവും നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും, എന്നാല്‍ സാമ്പത്തിക വിഷയങ്ങളിലും കണക്റ്റിവിറ്റിയിലും പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കുമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
താജിക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി സിറോജിദ്ദീന്‍ മുഹ്രിദ്ദീന്‍, തുര്‍ക്ക്മെനിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഷിദ് മെറെഡോവ്, കിര്‍ഗിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷിന്‍ബെക് കുലുബയേവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയയില്‍ പ്രത്യേകം വിവരങ്ങള്‍ നല്‍കി.
തുര്‍ക്ക്‌മെനിസ്ഥാന്‍ വിദേശകാര്യ മന്ത്രി എല്ലാത്തരം ഭീകരതയെയും അപലപിക്കുകയും ഇന്ത്യയുമായുള്ള സഹകരണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
അതുപോലെ, താജിക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി തീവ്രവാദത്തിനെതിരെ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചു.