ഡല്‍ഹി: ഈ വര്‍ഷം ഏഷ്യയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായി യാഗി ചുഴലിക്കാറ്റ്. വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ചൈനയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ യാഗി കനത്ത നാശമാണ് വിതച്ചത്.
മണിക്കൂറില്‍ 234 കിലോമീറ്റര്‍ വേഗതയില്‍ വീശിയ യാഗി വിയറ്റ്‌നാമിലുടനീളം മണ്ണിടിച്ചിലിന് കാരണമായി. മൂന്ന് രാജ്യങ്ങളിലുമായി രണ്ട് ഡസന്‍ ആളുകള്‍ കൊല്ലപ്പെടുകയും സ്വത്തുക്കള്‍ക്ക് കനത്ത നാശനഷ്ടം വരുത്തുകയും ചെയ്തു.
വിയറ്റ്‌നാമില്‍ സര്‍ക്കാര്‍ പ്രാഥമിക കണക്കുകള്‍ പ്രകാരം 21 പേര്‍ കൊല്ലപ്പെടുകയും 229 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കനത്ത മഴയെത്തുടര്‍ന്ന് വടക്കന്‍ വിയറ്റ്‌നാമിലെ പര്‍വതപ്രദേശമായ ഹോവ ബിന്‍ പ്രവിശ്യയിലെ വീടിന് മുകളിലേക്ക് കുന്നിന്‍ചെരിവ് ഇടിഞ്ഞുവീണ് നാലംഗ കുടുംബം മരിച്ചു.
ചൈനയുടെ തെക്കന്‍ ദ്വീപായ ഹൈനാനില്‍ നാലുപേരും ഫിലിപ്പീന്‍സില്‍ 20 പേരും കൊടുങ്കാറ്റു മൂലം മരിച്ചു. വെള്ളിയാഴ്ച മുതല്‍ വിയറ്റ്‌നാമില്‍ കൊടുങ്കാറ്റുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ നിരവധി ആളുകള്‍ മരിച്ചു, ചിലര്‍ മരങ്ങള്‍ വീണും ബോട്ടുകള്‍ തകര്‍ന്നുമാണ് മരിച്ചതെന്ന് ദുരന്തനിവാരണ ഏജന്‍സി പറഞ്ഞു.
ഞായറാഴ്ച വടക്കുപടിഞ്ഞാറന്‍ വിയറ്റ്‌നാമിലെ ഹോങ് ലിയാന്‍ സോണ്‍ പര്‍വതനിരകളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു നവജാത ശിശുവും ഒരു വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച തലസ്ഥാനമായ ഹനോയിയില്‍ കൊടുങ്കാറ്റ് മൂലം വൈദ്യുതി വിതരണവും ടെലികമ്മ്യൂണിക്കേഷനും തടസ്സപ്പെടുകയും വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമാവുകയും ആയിരക്കണക്കിന് മരങ്ങള്‍ കടപുഴകി വീഴുകയും വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.
വിയറ്റ്‌നാമീസ് തീരദേശ നഗരമായ ഹൈഫോംഗില്‍ നിരവധി വ്യവസായ പാര്‍ക്കുകള്‍ ഞായറാഴ്ച അടച്ചിട്ടിരിക്കുകയാണെന്ന് തൊഴിലാളികളും മാനേജര്‍മാരും റോയിട്ടേഴ്സിനോട് പറഞ്ഞു.