ഡല്‍ഹി: ഇന്ത്യ യാതൊരു പ്രകോപനവുമില്ലാതെ രണ്ട് തവണ രാജ്യത്തെ ആക്രമിച്ചതായി ആരോപിച്ച് പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍. പ്രാദേശിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയെ കുറ്റപ്പെടുത്തിയ മുനീര്‍, ഭാവിയില്‍ ഇന്ത്യയുടെ ഏത് ആക്രമണത്തിനും ശക്തമായ മറുപടി നല്‍കുമെന്ന് മുന്നറിയിപ്പു നല്‍കി.
കറാച്ചിയിലെ പാകിസ്ഥാന്‍ നാവിക അക്കാദമിയില്‍ ശനിയാഴ്ച നടത്തിയ പ്രസംഗത്തിലാണ് മുനീറിന്റെ വിമര്‍ശനം.
'പാകിസ്ഥാന്‍ മേഖലയുടെ സ്ഥിരതയ്ക്കായി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യമാണ്. യാതൊരു പ്രകോപനവുമില്ലാതെ നടന്ന ഇന്ത്യന്‍ സൈനിക ആക്രമണത്തിന് ഇസ്ലാമാബാദ് ദൃഢനിശ്ചയത്തോടെ പ്രതികരിച്ചു,' എന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷപരിസ്ഥിതിയിലും പാകിസ്ഥാന്‍ സംയമനവും പക്വതയും പുലര്‍ത്തിയെന്നും, പ്രാദേശിക സമാധാനത്തിന് പാകിസ്ഥാന്‍ പ്രതിബദ്ധമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
ഭീകരവാദം ഇല്ലാതാക്കുന്നതിനായി പാകിസ്ഥാന്‍ ശ്രമിക്കുന്നപ്പോള്‍, ഇന്ത്യ മനഃപൂര്‍വ്വം മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുനീര്‍ തന്റെ പ്രസംഗത്തില്‍ കശ്മീര്‍ വിഷയവും ഉന്നയിച്ചു. 'ഇന്ത്യയുടെ നിയമവിരുദ്ധ അധിനിവേശത്തിനെതിരെ പോരാടുന്ന കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങള്‍ ഓര്‍ക്കേണ്ട സമയമാണിത്,' എന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ക്കും കശ്മീരി ജനതയുടെ ആഗ്രഹങ്ങള്‍ക്കും അനുസൃതമായി കശ്മീര്‍ പ്രശ്‌നത്തിന് നീതിയുക്തമായ പരിഹാരം ആവശ്യപ്പെടുന്ന രാജ്യമാണ് പാകിസ്ഥാന്‍ എന്നും മുനീര്‍ വ്യക്തമാക്കി.