ഫിറോസ്‌പൂര്‍: അജ്ഞാതസംഘത്തിന്‍റെ വെടിയേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പഞ്ചാബിലെ ഫിറോസ്‌പൂരിന് സമീപമുള്ള അകല്‍ഗഡ് ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചായിരുന്നു സംഭവം.
വിവാഹിതയാകാന്‍ പോകുന്ന ജസ്പ്രീത് കൗര്‍ എന്ന പെണ്‍കുട്ടി, ദില്‍പ്രീത് സിങ്, ആകാശ് ദീപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഗുരുദ്വാരയില്‍ നിന്നിറങ്ങി കാറിലേക്ക് കയാനൊരുങ്ങുമ്പോഴാണ് അക്രമികള്‍ ഇവര്‍ക്ക് നേരെ നിറയൊഴിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം നിറയൊഴിക്കുകയായിരുന്നു. ഇരുപത് റൗണ്ട് നിറയൊഴിച്ചെന്നാണ് റിപ്പോര്‍ട്ട്. അന്‍മോള്‍ സിങ് എന്ന മറ്റൊരു പെണ്‍കുട്ടിക്കും വെടിവയ്‌പില്‍ പരിക്കേറ്റു.
ആക്രമണത്തിന് ശേഷം അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ എല്ലാ റോഡുകളിലും പരിശോധന നടത്തുന്നുണ്ട്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. കുടുംബം ഗുരുദ്വാരയില്‍ നിന്ന് പുറത്ത് വരുന്നതും പ്രതീക്ഷിച്ച് നിന്നാണ് ഇവര്‍ ആക്രമണം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്.
ആക്രമണത്തിന് പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമല്ല. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജസ്പ്രീതിന്‍റെ വിവാഹം ഒരു മാസത്തിനുള്ളില്‍ നടക്കാനിരിക്കെയാണ് ദുരന്തം. കുടുംബം വിവാഹ ആവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനുള്ള യാത്രയിലായിരുന്നു.
സംഭവം പ്രദേശവാസികളില്‍ വലിയ ഞെട്ടലും ഭയവും ഉണ്ടാക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ പൊലീസില്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
പെണ്‍കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അച്ഛനും സഹോദരനും ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.