/sathyam/media/media_files/2025/06/05/h4r6fVNlw42WhvHdP8Jt.jpg)
തിരുവനന്തപുരം: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയത് കേരളത്തെ അതീവ ദോഷകരമായി ബാധിക്കും.
അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഭൂരിഭാഗവും കേരളത്തിന്റെ ഉല്‍പ്പന്നങ്ങളാണ്. സമുദ്രോല്‍പ്പന്നങ്ങര്‍, കയര്‍, കശുവണ്ടി, ഭക്ഷോല്‍പ്പന്നങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയാണ് ഇവിടെ നിന്ന് കൂടുതലും കയറ്റി അയക്കുന്നത്.
ആലപ്പുഴയില്‍ നിന്ന് പ്രതിവര്‍ഷം 1500 കോടിയുടെ കയര്‍ കയറ്റുമതിയാണ് അമേരിക്കയിലേക്ക്. കേരളത്തിനു പുറമെ തമിഴ്‌നാടിനും തീരുവ ഇടിത്തീയായി മാറിയിരിക്കുകയാണ്. അമേരിക്കയിലേക്ക് തിരുപ്പൂരില്‍ നിന്ന് 50000 കോടിയുടെ വസ്‌ത്രോല്‍പ്പന കയറ്റുമതിയാണുള്ളത്.
കഴിഞ്ഞവര്‍ഷം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത സമുദ്രോല്‍പന്നങ്ങളില്‍ 90 ശതമാനവും ചെമ്മീനായിരുന്നു. കൊച്ചി മേഖലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റിയയക്കുന്ന സമുദ്രോല്‍പന്നങ്ങളില്‍ പ്രധാന ഇനവും ചെമ്മീനാണ്. ഇന്ത്യയുടെ ഏറ്റവും വലിയ സമുദ്രോത്പ്പന്ന കയറ്റുമതി അമേരിക്കയിലേക്കാണ്. ഏതാണ്ട് അറുപതിനായിരം കോടി വരും ഇത്.
ഇതില്‍ 23ലക്ഷം ഡോളറിന്റെ ചെമ്മീന്‍ കയറ്റുമതിയാണ്. പാലും പാലുത്പ്പന്നങ്ങളും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയെ ഒഴിവാക്കി ഓസ്‌ട്രേലിയയില്‍നിന്നു പാലും മാംസവും ഇറക്കുമതി ചെയ്യാന്‍ പോകുന്നുവെന്ന സൂചനയുണ്ട്. അങ്ങനെയെങ്കില്‍ കേരളത്തിന് അതും തിരിച്ചടിയായിരിക്കും.
കേരളത്തിന്റെ കാര്‍ഷികോത്പന്നങ്ങള്‍ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. കശുവണ്ടി, അരി, പച്ചക്കറികള്‍, സംസ്‌കരിച്ച പഴം, ധാന്യപ്പൊടികള്‍ തുടങ്ങിയവയുടെ ആകെ കയറ്റുമതിയുടെ 20 ശതമാനത്തിലധികം പോകുന്നത് അമേരിക്കയിലേക്കാണ്. രാജ്യത്തെ ഏറ്റവുമധികം സമുദ്രോത്പന്ന സംസ്‌കരണ യൂണിറ്റുള്ള സംസ്ഥാനവും കേരളമാണ്. അതുകൊണ്ടുതന്നെ, നമ്മുടെ സമുദ്രോത്പന്ന കയറ്റുമതിയിലും അധിക ചുങ്കത്തിന്റെ പ്രത്യാഘാതമുണ്ടാകും.
കേരളത്തില്‍ നിന്ന് 1000കോടിയുടെ തേയില 50000 ടണ്‍ കശുവണ്ടി പരിപ്പ് എന്നിവയും അമേരിക്കയിലേക്ക് കയറ്റുമതിയുള്ളതാണ്.
കേരളത്തിനു പുറമേ ആന്ധ്രയില്‍ നിന്നാണ് കൂടുതല്‍ സമുദ്രോല്‍പ്പന്ന കയറ്റുമതിയുള്ളത്. ഇതിനെല്ലാം പുറമെയാണ് ഐ.ടി സേവനങ്ങള്‍. കേരളത്തിലെ എല്ലാ ഐ.ടി പാര്‍ക്കുകളിലെയും കമ്പനികളുടെ ഭൂരിഭാഗം സേവങ്ങളും അമേരിക്കയിലേക്കാണ്.
കേരളത്തിലെ സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്കും വന്‍ തിരിച്ചടിയാണ് അമേരിക്കയുടെ അധിത തീരുവ. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യ 39,994.48 കോടിയുടെ 17.99 ലക്ഷം ടണ്‍ സുഗന്ധ വ്യഞ്ജനമാണ് കയറ്റുമതി ചെയ്തത്. ഇതില്‍ 600 കോടിയുടെ കയറ്റുമതി കേരളത്തില്‍ നിന്നാണ്. രാജ്യത്തെ സത്തുനിര്‍മാണ കമ്പനികള്‍ ഭൂരിഭാഗവും കേരളത്തിലാണ്.
ഇത് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മുന്നിലാണ് യുഎസ്. ഏലം, കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പൂ, ജാതിക്ക, ഇഞ്ചി, മഞ്ഞള്‍ എന്നിവയാണ് ഇതില്‍ പ്രധാനം. കേരളത്തില്‍ നിന്നുള്ള സുഗന്ധ സത്ത് കയറ്റുമതിയുടെ 25 ശതമാനവും അമേരിക്കയിലേക്കാണ്. ഭക്ഷ്യോല്‍പന്നങ്ങളിലും മരുന്നുകളിലും പേഴ്‌സനല്‍ കെയര്‍ പ്രോഡക്ടുകളിലുമാണ് ഇവയുടെ ഉപയോഗം കൂടുതല്‍.
തിരുപ്പൂരില്‍നിന്നുള്ള വസ്ത്ര കയറ്റുമതിയില്‍ വന്‍ പ്രതിസന്ധിയാണ്. 2024-25 സാമ്പത്തികവര്‍ഷം തിരുപ്പൂരില്‍ നിന്നുള്ള ആകെ വസ്ത്രകയറ്റുമതി 44,747 കോടി രൂപയായിരുന്നു.
2023-24ല്‍ ഇത് 33,400 കോടിയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 33,000 മുതല്‍ 37,000 കോടിവരെയായിരുന്നു ശരാശരി കയറ്റുമതി. ഇതാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 44,747 കോടിയിലെത്തിയത്.
തിരുപ്പൂരില്‍ 4,000 കോടി രൂപയുടെ വസ്ത്രങ്ങള്‍ ഇപ്പോള്‍തന്നെ കെട്ടിക്കിടക്കുന്നു. പ്രതിദിനം 500 മുതല്‍ 700 കോടി രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള മൊത്തം വസ്ത്ര കയറ്റുമതിയില്‍ 65% തിരുപ്പൂരില്‍ നിന്നാണ്. തിരുപ്പൂരില്‍ നിന്നുള്ള മൊത്തം വസ്ത്ര കയറ്റുമതിയുടെ 40% യുഎസിലേക്കാണ്.
അമേരിക്കയുടെ അധികത്തീരുവ മറികടക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ വിപണികള്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. യുഎസിലേക്കുള്ള 8650 കോടി ഡോളറിന്റെ ഇന്ത്യന്‍ കയറ്റുമതി നടപ്പു സാമ്പത്തികവര്‍ഷം 43% ഇടിവോടെ 4960 കോടി ഡോളറായി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ നിന്നുള്ള 4.21 ലക്ഷം കോടി രൂപയുടെ (4820 കോടി ഡോളര്‍) കയറ്റുമതിക്കാണ് 50% തീരുവ ബാധകമാകുക. തീരുവ വര്‍ധിപ്പിച്ചതിനെ അന്യായവും നീതിരഹിതവുമെന്ന് വ്യക്തമാക്കിയ ഇന്ത്യ, രാജ്യതാല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു.