ഡൽഹി: രാജ്യത്തെ 25 ഹൈക്കോടതികളിലെ 749 ജഡ്ജിമാരിൽ സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തിയത് വെറും 98 പേർ. ആസ്തി വെളിപ്പെടുത്തിയവരിൽ കൂടുതലുള്ളത് മൂന്ന് ഹൈക്കോടതികളിലെ ജഡ്ജിമാരാണ്.
വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് കേരള ഹൈക്കോടതിയിലെ ജഡ്ജിമാരാണ് സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തിയവരിൽ മുന്നിലുള്ളത്.
ആകെയുള്ള 39 ജഡ്ജിമാരിൽ 37 പേരുടെ സ്വത്തുവിവരങ്ങളും വെബ്സൈറ്റിലുണ്ട്. പഞ്ചാബ് ഹൈക്കോടതിയിലെ 55 ജഡ്ജിമാരിൽ 31 പേരും ഡൽഹി ഹൈക്കോടതിയിലെ 39 ജഡ്ജിമാരിൽ 11 പേരും ആസ്തി വെളിപ്പെടുത്തിയിട്ടുണ്ട്.
ജഡ്ജിമാരുടെയും പങ്കാളികളുടെയും ആശ്രിതരുടെയും സ്വത്തുവകകൾ, ആഭരണങ്ങൾ, ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, ഫിക്സഡ് ഡിപ്പോസിറ്റുകൾ, ബോണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ എന്നിങ്ങനെയുള്ള നിക്ഷേപത്തിന്റെ വിശദാംശങ്ങളും ബാങ്ക് വായ്പകൾ പോലുള്ള ബാധ്യതകളും വെളിപ്പെടുത്തിയവയിൽ ഉൾപ്പെടുന്നുണ്ട്.
കേരളം, പഞ്ചാബ്, ഹരിയാന, ഡൽഹി ഹൈക്കോടതികൾക്ക് പുറമെ, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ്, കർണാടക, മദ്രാസ് ഹൈക്കോടതികളിൽ നിന്നുള്ള ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
എന്നാൽ, ഈ ഏഴ് ഹൈക്കോടതികളിലെ വെബ്‌സൈറ്റുകളിലും സ്വത്ത് വെളിപ്പെടുത്താത്ത ജഡ്ജിമാരുടെ പേര് പരാമർശിച്ചിട്ടില്ല.