ഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ നയിക്കുന്നത് അനൗദ്യോഗിക നേതൃത്വമെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും പ്രതിപക്ഷ നേതാവുമായ അതിഷി. ഇതോടെ ഡല്‍ഹിയില്‍ പുതിയ രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടു.
സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റിലൂടെയാണ് അതിഷി ആരോപണങ്ങള്‍ ഉന്നയിച്ചത്. രേഖ ഗുപ്തയുടെ ഭര്‍ത്താവ് മനീഷ് ഗുപ്ത എംസിഡി, ഡിജെബി, പിഡബ്ല്യുഡി, ഡിയുഎസ്‌ഐബി തുടങ്ങിയ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അധ്യക്ഷത വഹിക്കുന്നതായി അവകാശപ്പെടുന്ന ഫോട്ടോയും അതിഷി പുറത്തുവിട്ടു.
ഈ ഫോട്ടോ ശ്രദ്ധാപൂര്‍വ്വം നോക്കൂ. എംസിഡി, ഡിജെബി, പിഡബ്ല്യുഡി, ഡിയുഎസ്‌ഐബി ഉദ്യോഗസ്ഥരുടെ യോഗം നടത്തുന്നത് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഭര്‍ത്താവ് മനീഷ് ഗുപ്തയാണെന്ന് അതിഷി തന്റെ പോസ്റ്റില്‍ എഴുതി.
തിരഞ്ഞെടുക്കപ്പെട്ട ഒരു വനിതാ സര്‍പഞ്ചിന്റെ ഭര്‍ത്താവ് പലപ്പോഴും അനൗദ്യോഗികമായി ഭരണപരമായ ചുമതലകള്‍ ഏറ്റെടുക്കുന്ന ഗ്രാമീണ ഭരണ രീതികളോടാണ് അവര്‍ സാഹചര്യത്തെ താരതമ്യം ചെയ്തത്.
ഗ്രാമത്തില്‍ ഒരു വനിതാ സര്‍പഞ്ച് തിരഞ്ഞെടുക്കപ്പെട്ടാല്‍ എല്ലാ സര്‍ക്കാര്‍ ജോലികളും അവരുടെ ഭര്‍ത്താവ് ചെയ്യുമെന്ന് മുമ്പ് നമ്മള്‍ കേട്ടിരുന്നു.
ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലെന്നും അതിനാല്‍ 'സര്‍പഞ്ച്-ഭര്‍ത്താവ്' ആ ജോലി കൈകാര്യം ചെയ്യുമെന്നും പറയപ്പെട്ടിരുന്നു.
എന്നാല്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കണം ഒരു സ്ത്രീ മുഖ്യമന്ത്രിയുടെ ഭര്‍ത്താവ് എല്ലാ സര്‍ക്കാര്‍ ജോലികളും കൈകാര്യം ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രേഖ ഗുപ്തയ്ക്ക് സര്‍ക്കാര്‍ ജോലി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലേ? ഡല്‍ഹിയില്‍ എല്ലാ ദിവസവും നീണ്ട വൈദ്യുതി മുടക്കം ഉണ്ടാകുന്നതിന്റെ കാരണം ഇതാണോ? രേഖയ്ക്ക് വൈദ്യുതി കമ്പനികളെ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലേ?
സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വര്‍ദ്ധിക്കുന്നതിന്റെ കാരണം ഇതാണോ? രേഖയ്ക്ക് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലേ? അത് അങ്ങേയറ്റം അപകടകരമാണ്, അവര്‍ എഴുതി.