ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ വെളിപ്പെടുത്തലുമായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി.
ആരോപണത്തെ തുടർന്ന് ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആലോചിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും അവരുടെ മൊഴികളുടെ ശബ്ദരേഖകൾ ഇഡി നശിപ്പിക്കുകയും ചെയ്‌തുവെന്നാണ് മന്ത്രിയുടെ ആരോപിണം.
ശബ്ദരേഖകൾ ലഭ്യമാക്കാൻ കോടതിയെ സമീപിക്കുമെന്നും അതിഷി പറഞ്ഞു. കേസിൽ തെറ്റായ മൊഴികൾ നൽകുന്നതിന് സാക്ഷികളെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും എഎപിയെ നിശബ്ദമാക്കുന്നതിന് നേതാക്കൾക്കെതിരെ മനഃപൂർവം ഇഡി റെയ്ഡുകൾ നടത്തുകയാണെന്നും അതിഷി പറഞ്ഞു.
ഡൽഹി എക്‌സൈസ് പോളിസി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സാക്ഷിമൊഴിയിലും തട്ടിപ്പ് ഉണ്ടെന്ന് അവർ ആരോപിച്ചു. സിസിടിവി വീഡിയോകൾ കോടതിക്ക് മുന്നിൽ ഏജൻസി ഹാജരാക്കണമെന്നും അവർ നിർദ്ദേശിച്ചു.
''രണ്ട് വർഷമായി എഎപി നേതാക്കളെ ഇഡി ഭീഷണിപ്പെടുത്തുകയാണ്. മദ്യനയ കുംഭകോണത്തിന്റെ പേരിൽ ഒരാളുടെ വീട് റെയ്ഡ് ചെയ്യുന്നു, ഒരാൾക്ക് സമൻസ് ലഭിക്കുന്നു, ഒരാളെ അറസ്റ്റ് ചെയ്യുന്നു. രണ്ട് വർഷത്തിനിടെ നൂറുകണക്കിന് റെയ്ഡുകൾക്കുശേഷവും ഇഡിക്ക് ഒരു രൂപ പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടുമില്ല, തെളിവുകൾ ഹാജരാക്കണമെന്ന് കോടതിയും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു,'' മന്ത്രി അതിഷി ചൂണ്ടിക്കാട്ടി.