സൂറത്തില്‍ വന്‍ എടിഎം കവര്‍ച്ച. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മുറിച്ചുമാറ്റി കവര്‍ന്നത് 18,14,900 രൂപ

എടിഎമ്മിന്റെ അടിഭാഗം മോഷ്ടാക്കള്‍ മുറിച്ചതായി സൂറത്ത് പോലീസ് ഡിസിപി വിജയ് സിംഗ് ഗുര്‍ജാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വെറും 15 മിനിറ്റിനുള്ളില്‍ പണവുമായി അവര്‍ രക്ഷപ്പെട്ടു

New Update
atm

ഡല്‍ഹി:  സൂറത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ വന്‍ കവര്‍ച്ച. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മുറിച്ചുമാറ്റിയ അക്രമികള്‍ 18,14,900 രൂപ മോഷ്ടിച്ച് രക്ഷപ്പെട്ടു.

Advertisment

സംഭവം സമീപത്തുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബുധനാഴ്ച രാത്രി 2.25 ന് ജഹാംഗീര്‍പുരയിലെ ചിത്രാലി റോ ഹൗസ് എന്ന സൊസൈറ്റിക്ക് പുറത്തുള്ള എടിഎമ്മിലേക്ക് ഒരു വെളുത്ത കാറില്‍ അഞ്ച് പേര്‍ എത്തിയതായി പോലീസ് പറഞ്ഞു.


അവര്‍ എടിഎമ്മില്‍ കയറി സിസിടിവി ക്യാമറ കറുത്ത ടേപ്പ് കൊണ്ട് മറച്ചു. ഗ്യാസ് കട്ടര്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഓട്ടോമാറ്റിക് അലാറം സിസ്റ്റവും ഓഫ് ചെയ്തു. ഇതിനുശേഷം, ഗ്യാസ് കട്ടറിന്റെ സഹായത്തോടെ മെഷീന്‍ മുറിച്ചുമാറ്റി പണവുമായി അവര്‍ രക്ഷപ്പെട്ടു. 

എടിഎമ്മിന്റെ അടിഭാഗം മോഷ്ടാക്കള്‍ മുറിച്ചതായി സൂറത്ത് പോലീസ് ഡിസിപി വിജയ് സിംഗ് ഗുര്‍ജാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വെറും 15 മിനിറ്റിനുള്ളില്‍ പണവുമായി അവര്‍ രക്ഷപ്പെട്ടു. ലോക്കല്‍ പോലീസ് സംഘവും ക്രൈംബ്രാഞ്ചും മോഷ്ടാക്കള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.

ഇതിനു പിന്നില്‍ ഒരു പ്രൊഫഷണല്‍ സംഘമാകാമെന്ന് പോലീസ് സംശയിക്കുന്നു. എസ്ബിഐയുടെ എടിഎമ്മുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായ ഡാനിഷ് പട്ടേലിന്റെ പരാതിയില്‍, ജഹാംഗീര്‍പുര പോലീസ് ബിഎന്‍എസിന്റെ 305, 331 (4), 332 (സി), 334 (1) എന്നീ വകുപ്പുകള്‍ പ്രകാരം അഞ്ച് തിരിച്ചറിയാത്ത വ്യക്തികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.