ഡൽഹി: പദയാത്ര നടത്തുന്നതിനിടെ ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജരിവാളിനു നേരെ ആക്രമണം. ഡൽഹിയിലെ ഗ്രേറ്റര്‍ കൈലാശ് ഭാഗത്തുവച്ചായിരുന്നു സംഭവം.
പദയാത്ര മുന്നോട്ടു പോകുന്നതിനിടെ കേജരിവാളിനു നേരെ ഒരാള്‍ ദ്രാവകം ഒഴിക്കുകയായിരുന്നു. ഉടൻ തന്നെ ദ്രാവകം ഒഴിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കേജരിവാളിന്റെ സമീപത്തേക്ക് എത്തിയ ഇയാൾ കുപ്പിയിൽ കരുതിയിരുന്ന ദ്രാവകം ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു.
ദ്രാവകത്തിന്റെ തുള്ളികള്‍ കേജരിവാളിന്റെ ശരീരത്തിൽ വീണെങ്കിലും അപകടമൊന്നും ഉണ്ടായില്ല. ഏതുതരം ദ്രാവകമാണ് ഒഴിക്കാൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു.