ബംഗളുരുവിൽ കളിച്ചുകൊണ്ടിരുന്ന 5 വയസ്സുകാരനെ ക്രൂരമായി മർദിച്ച് വഴിയാത്രക്കാരൻ

New Update
1000391619

ബംഗളൂരു: വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ ക്രൂരമായി മർദിച്ച് വഴിയാത്രക്കാരൻ. ബെംഗളൂരുവിലെ ത്യാഗരാജനഗറിൽ ഡിസംബർ 14-നാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 

Advertisment

കുട്ടിയെ ഫുട്ബോളിനെപ്പോലെ തൊഴിച്ചുതെറിപ്പിച്ചുവെന്നാണ് മാതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ത്യാഗരാജനഗറിലെ തന്റെ അമ്മൂമ്മയുടെ വീടിന് മുന്നിൽ മറ്റു കുട്ടികൾക്കൊപ്പം കളിച്ചുനിൽക്കുകയായിരുന്നു അഞ്ചു വയസ്സുകാരനായ നെയ്‌വ് ജെയിൻ. ഈ സമയത്ത് ആ വഴി നടന്നുപോയ രഞ്ജൻ എന്നയാൾ യാതൊരു പ്രകോപനവുമില്ലാതെ കുട്ടിയെ തൊഴിച്ചുതെറിപ്പിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ആഘാതത്തിൽ കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

മർദ്ദനത്തിൽ കുട്ടിയുടെ പുരികത്തിന് മുകളിൽ മുറിവേറ്റ് രക്തം വരികയും കൈകാലുകളിൽ പോറലുകൾ ഏൽക്കുകയും ചെയ്തു. യാതൊരു ദയയുമില്ലാതെ കുട്ടിയെ ചവിട്ടി വീഴ്ത്തിയ ശേഷം പ്രതി അവിടെ നിന്ന് നടന്നുപോവുകയായിരുന്നു. ഇയാൾ സ്ഥിരമായി പ്രദേശവാസികളെ ചീത്തവിളിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സ്വഭാവക്കാരനാണെന്നും കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നു.

കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (BNS 2023) സെക്ഷൻ 115(2) പ്രകാരം പോലീസ് കേസെടുത്തു. പ്രതിയായ രഞ്ജനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Advertisment