ഡല്‍ഹി: ഇന്ത്യന്‍ വിമാനക്കമ്പനികളെ ലക്ഷ്യമിട്ട് അടുത്തിടെയുണ്ടായ ബോംബ് ഭീഷണികളില്‍ പൊതുജനങ്ങള്‍ ഭയക്കേണ്ട കാര്യമില്ലെന്ന് ഉറപ്പുനല്‍കി സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു.
സര്‍ക്കാര്‍ ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരുകയാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒമ്പത് ദിവസമായി 170-ലധികം വിമാനങ്ങള്‍ക്ക് ഭീഷണികള്‍ ലഭിച്ചു. ഭീഷണികള്‍ വലിയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കില്ലെന്ന് മന്ത്രി പറഞ്ഞു. സമഗ്രമായ അന്വേഷണം നടക്കുന്നതുവരെ നമുക്ക് കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നില്‍ ആരാണെന്ന് പിടികിട്ടിക്കഴിഞ്ഞാല്‍ മാത്രമേ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ അതോ ഉത്സവ സീസണുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉദ്ദേശ്യമാണോ അല്ലെങ്കില്‍ വിമാനക്കമ്പനികളെ ബാധിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് പറയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.