/sathyam/media/media_files/2026/03/01/untitled-2026-03-01-11-15-59.jpg)
ശ്രീനഗര്‍: യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരില്‍ വ്യാപക പ്രതിഷേധം.
ശ്രീനഗറിലെ ലാല്‍ചൗക്കിലും ഷിയാ വിഭാഗത്തിന് സ്വാധീനമുള്ള മറ്റ് പ്രദേശങ്ങളിലും നൂറുകണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ഖമേനിയുടെ ചിത്രങ്ങളേന്തിയ പ്രതിഷേധക്കാര്‍ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ മുദ്രാവാക്യം വിളിച്ചു.
ശ്രീനഗറിലെ ഘന്താഘര്‍, പുല്‍വാമ, ബദ്ഗാം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കശ്മീര്‍ താഴ്വരയില്‍ സുരക്ഷാ സേനയെ വന്‍തോതില്‍ വിന്യസിക്കുകയും പോലീസ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഖമേനിയുടെ വധം സ്ഥിരീകരിച്ചതിന് പിന്നാലെ ഞായറാഴ്ച രാവിലെ മുതലാണ് കശ്മീരില്‍ പ്രതിഷേധം ഇരമ്പിയത്. പ്രതിഷേധക്കാര്‍ കറുത്ത കൊടികളുമേന്തി ദുഃഖാചരണവും പ്രകടനങ്ങളും നടത്തി.
ഖമേനിയുടെ വധത്തില്‍ ആദരസൂചകമായി ഞായറാഴ്ചത്തെ (മാര്‍ച്ച് 1) എല്ലാ രാഷ്ട്രീയ പരിപാടികളും റദ്ദാക്കിയതായി ജമ്മു കശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.
ഖമേനിയുടെ മരണം ഒരു വലിയ നഷ്ടമാണെന്നും യുഎസ്-ഇസ്രായേല്‍ ആക്രമണം മനുഷ്യത്വരഹിതവും ഭീരുത്വവുമാണെന്നും ജെ&കെ പിസിസി അധ്യക്ഷന്‍ താരിഖ് ഹമീദ് കര്‍റ പറഞ്ഞു.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഷിയാ ഭൂരിപക്ഷ പ്രദേശങ്ങളില്‍ അര്‍ദ്ധസൈനിക വിഭാഗത്തെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമേനിയുടെ വധം ലോകമെമ്പാടുമുള്ള ഷിയാ വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കശ്മീരിലെ സ്ഥിതിഗതികള്‍ ഭരണകൂടം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us