അയോധ്യ: അയോധ്യയിൽ വിവാഹച്ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വരൻ വധുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. അയോധ്യ കാന്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സാദത്ത് ഗഞ്ച് പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം.
പ്രദീപ് എന്ന യുവാവാണ് ഭാര്യ ശിവാനിയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് വിവാഹസംഘം വരന്‍റെ വീട്ടിലേക്ക് മടങ്ങിയതിനുശേഷം, വിവാഹാനന്തര ചടങ്ങുകൾ ദിവസം മുഴുവൻ നീണ്ടുനിന്നിരുന്നു. രാത്രി വൈകിയാണ് വധൂവരൻമാര്‍ മുറിയിലേക്ക് പോയത്.
ഞായറാഴ്ച രാവിലെ നവദമ്പതികളെ പുറത്തുകാണാതിരുന്നതിനെ തുടര്‍ന്ന് വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല.
പിന്നീട് വാതിൽ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ ശിവാനിയെ ബെഡിൽ മരിച്ച നിലയിലും പ്രദീപിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നുവെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജ് കരൺ നയ്യാര്‍ പറഞ്ഞു.
മുറി അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയതിനാൽ, പ്രഥമദൃഷ്ട്യാ വരൻ വധുവിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതായി തോന്നുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.