അയോധ്യ: അയോധ്യയിലെ ഒരു ചേരിയില്‍ സ്ത്രീയെയും മൂന്ന് വയസ്സുള്ള മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണവും ഫോറന്‍സിക് അന്വേഷണവും ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ കാണാതായി.
ഗുവാഹത്തിയില്‍ നിന്നുള്ള 40 ഓളം കുടുംബങ്ങള്‍ താല്‍ക്കാലിക വീടുകളില്‍ താമസിക്കുന്നതും മാലിന്യം ശേഖരിച്ച് ഉപജീവനം നടത്തുന്നതുമായ ബച്ര സുല്‍ത്താന്‍പൂര്‍ പ്രദേശത്താണ് സംഭവം.
ഷാജാന്‍ ഖണ്ഡ്കര്‍ എന്ന പ്രതി രാത്രിയില്‍ തന്റെ 35 വയസ്സുള്ള ഭാര്യയെയും മകനെയും കൊലപ്പെടുത്തി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
ആക്രമണത്തിന് മുമ്പ്, 13 വയസ്സുള്ള മകനോട് ഇയാള്‍ പുറത്ത് ഉറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയും മുഖത്ത് മാരകമായ മുറിവുകള്‍ വരുത്തുകയും ചെയ്തു. തുടര്‍ന്ന് ഇളയ കുട്ടിയെ കൊലപ്പെടുത്തി.
രാവിലെ മൂത്ത മകന്‍ കുടിലില്‍ കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ സ്ഥലത്തെത്തി പോലീസില്‍ വിവരം അറിയിച്ചു. പ്രദേശം പരിശോധിക്കാന്‍ ഫോറന്‍സിക് സംഘത്തെ വിളിച്ചുവരുത്തി, മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.