/sathyam/media/media_files/2026/02/12/untitled-2026-02-12-12-23-08.jpg)
ഡല്‍ഹി: അമേരിക്കയില്‍ സ്ഥിരതാമസമാക്കുക എന്ന ലക്ഷ്യത്തോടെ അനധികൃത പാതയിലൂടെ യാത്ര തിരിച്ച ഗുജറാത്ത് സ്വദേശികളായ ധ്രുവ് പട്ടേലും (22) ദീപിക പട്ടേലും (32) അസര്‍ബൈജാനില്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതകള്‍. തട്ടിക്കൊണ്ടുപോകല്‍, ക്രൂരമായ മര്‍ദ്ദനം, അവയവക്കച്ചവട ഭീഷണി എന്നിവയില്‍ നിന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെയാണ് ഇരുവരും രക്ഷപ്പെട്ടത്.
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്റ് വഴി 'ഡങ്കി റൂട്ട്' വഴിയാണ് ഇവര്‍ യാത്ര തിരിച്ചത്. ധ്രുവ് 35 ലക്ഷം രൂപയും ദീപിക 15 ലക്ഷം രൂപയുമാണ് ഏജന്റിന് നല്‍കിയത്. ജനുവരി 30-ന് യാത്ര തുടങ്ങിയ ഇവര്‍ ഫെബ്രുവരി ഒന്നിന് അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവിലെത്തി.
ബാക്കുവിലെത്തിയ ഉടന്‍ പവന്‍ എന്ന ഏജന്റ് കൂടുതല്‍ പണം ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതോടെ ഇരുവരെയും തട്ടിക്കൊണ്ടുപോയി ഒരു കെട്ടിടത്തിന്റെ ബേസ്മെന്റില്‍ പൂട്ടിയിട്ടു.
ധ്രുവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോ കോളിലൂടെ വീട്ടുകാരെ കാണിച്ചായിരുന്നു ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ യുവാവിന്റെ വൃക്കകള്‍ എടുത്തു വില്‍ക്കുമെന്ന് തട്ടിക്കൊണ്ടുപോയവര്‍ മുന്നറിയിപ്പ് നല്‍കി. 65 ലക്ഷം രൂപയോളം വീട്ടുകാര്‍ നല്‍കിയെങ്കിലും അക്രമികള്‍ മോചിപ്പിക്കാന്‍ തയ്യാറായില്ല.
നിസ്സഹായാവസ്ഥയിലായ കുടുംബം ആനന്ദ് മണ്ഡലത്തിലെ എംപി മിതേഷ് പട്ടേലിനെ സമീപിച്ചു. അദ്ദേഹം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ വിവരമറിയിച്ചതോടെയാണ് രക്ഷാദൗത്യത്തിന് തുടക്കമായത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ബാക്കുവിലെ ഇന്ത്യന്‍ എംബസി അസര്‍ബൈജാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. 'ഓപ്പറേഷന്‍ മഹിസാഗര്‍' എന്ന് പേരിട്ട മിന്നല്‍ നീക്കത്തിലൂടെ 24 മണിക്കൂറിനുള്ളില്‍ യുവാക്കളെ അക്രമികളില്‍ നിന്ന് മോചിപ്പിച്ചു.
പവന്‍ റോക്കി എന്ന ഏജന്റും ബാബ ഖാന്‍ എന്ന ഇറാന്‍ സ്വദേശിയും നയിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ യുവാക്കള്‍ ഇന്ത്യന്‍ എംബസിയുടെ സംരക്ഷണയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us