മുംബൈ: എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ വീണ്ടും സജീവമാക്കാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. ബാബ സിദ്ദിഖിയുടെ ഈ നമ്പര്‍ കുടുംബ ബിസിനസായ റിയല്‍ എസ്റ്റേറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ടു നിന്നിരുന്നു.
മൊബൈല്‍ സേവനദാതാവില്‍ നിന്ന് ബാബ സിദ്ദിഖിയുടെ ഭാര്യയുടെ പേരില്‍ ഒരു ഇമെയില്‍ പരിശോധനയ്ക്കിടെയാണ് നമ്പര്‍ വീണ്ടും സജീവമാക്കാനുള്ള ശ്രമം കണ്ടെത്തിയത്. ഇതോടെ ബാബ സിദ്ദിഖിയുടെ മകള്‍ അര്‍ഷിയ സിദ്ദിഖി പോലീസില്‍ പരാതി നല്‍കി.
അന്വേഷണത്തില്‍ ഡല്‍ഹിയിലെ ബുരാരി സ്വദേശിയായ വിവേക് സബര്‍വാള്‍ എന്ന യുവാവിനെ ബാന്ദ്ര പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുവന്നു.
ബാബ സിദ്ദിഖിയുടെ പേരില്‍ പുതിയ സിം കാര്‍ഡ് എടുത്ത്, നമ്പര്‍ വീണ്ടും സജീവമാക്കാന്‍ ഇയാള്‍ ശ്രമിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. ഈ നമ്പര്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് നടത്താനായിരുന്നു പ്രതിയുടെ ലക്ഷ്യം.
മരിച്ചവരുടെ മൊബൈല്‍ നമ്പറുകള്‍ കുടുംബാംഗങ്ങള്‍ നിര്‍ജ്ജീവമാക്കാത്ത സാഹചര്യത്തില്‍, അത്തരം സിം കാര്‍ഡുകള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട് എന്ന ആരോപണത്തില്‍ നേരത്തെയും സബര്‍വാള്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇയാള്‍ നേരത്തെയും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവനാണ്.