/sathyam/media/media_files/2025/03/18/lIdvhSpgWJIe8WEpnJDm.jpg)
ഡൽഹി: ഹരിയാനയിലെ പല്‍വാലയില്‍ ചികിത്സ നിഷേധിക്കപ്പെട്ട് റോഡരികില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരണപ്പെട്ടു. ഹരിയാനയിലെ പല്‍വാലയിലാണ് സംഭവം. പല്‍വാല്‍ സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് 27കാരിക്ക് ചികിത്സ നിഷേധിച്ചത്.
ആശുപത്രിയിലെത്തിയ യുവതി ഒരാഴ്ച മുമ്പുള്ള സ്‌കാനിങ് റിപോര്‍ട്ട് കാണിച്ചപ്പോള്‍ പുതിയ സ്‌കാനിങ് റിപോര്‍ട്ട് കാണിക്കണമെന്നും അല്ലാത്തപക്ഷം ചികിത്സ നല്‍കില്ലെന്നും പറഞ്ഞെന്നാണ് യുവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കുന്നത്.
സമീപത്തെ ലാബിലേക്ക് പുറപ്പെട്ട യുവതിക്ക് ആംബുലന്‍സ് സേവനവും ആശുപത്രി നല്‍കിയില്ലെന്നും തുടര്‍ന്ന് ഭര്‍ത്താവിന്റെ മോട്ടോര്‍സൈക്കിളില്‍ സ്വകാര്യ ലാബിലേക്ക് കൊണ്ടു പോകുകയായിരുന്നെന്നും ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു.
ലാബിന്റെ മുന്‍വശം എത്തിയ യുവതിക്ക് പ്രസവന വേദന അനുഭവപ്പെടുകയും റോഡരികില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. വഴിയാത്രക്കാര്‍ ചേര്‍ന്ന് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് മരണത്തിന് കീഴടങ്ങി.
കുഞ്ഞ് മരിച്ചതിന് പിന്നാലെ യുവതിയുടെ കുടുംബം ആശുപത്രിയില്‍ തിരിച്ചെത്തി പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടക്കുന്നത്.