ലക്നൗ: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനകൊല. ഉത്തര്‍പ്രദേശിലെ ബാഗ്പതിലാണ് സംഭവം. മകളെയും കാമുകനെയും പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മകളുടെ പ്രണയം പിതാവ് എതിര്‍ത്തിരുന്നെങ്കിലും പെണ്‍കുട്ടി യുവാവുമായുള്ള പ്രണയം തുടര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തില്‍ പിതാവ് പുഷ്‌പേന്ദ്ര (50) അറസ്റ്റിലായി.
യുവാവും പെണ്‍കുട്ടിയും വളരെക്കാലമായി പ്രണയത്തിലായിരുന്നു. പ്രണയം വീട്ടിലറിഞ്ഞതോടെ പെണ്‍കുട്ടിയുടെ പിതാവ് എതിര്‍ത്തു.
എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറാതെ വന്നതോടെ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു.
നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.