വൈദികരെ വെച്ചേക്കില്ല. തല്ലുമാലയുമായി സംഘപരിവാർ. മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ വൈദികർക്കും കന്യാസ്ത്രീകൾക്കും വീണ്ടും ബജ്റംഗ്ദളിൻ്റെ മർദ്ദനം

New Update
Ok15lysXMOvNdNaNGuSYihhtr6OitHaj1wRmJFZ6

ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ വീണ്ടും സംഘപരിവാർ സംഘടനയായ ബജ്റംഗ്ദളിൻ്റെ അഴിഞ്ഞാട്ടം. ഇന്നലെ വൈകുന്നേരമാണ് വൈദികരേയും കന്യാസ്ത്രീകളേയും ബജ്റംഗ്ദൾ പ്രവർത്തകർ മർദ്ദിച്ചത്. 

Advertisment

ഒഡീഷയിലെ ജലേശ്വര്‍  ജില്ലയിലെ ഗംഗാധര്‍  ഗ്രാമത്തിലാണ് മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണമുണ്ടായത്. ഫാദര്‍ ലിജോ നിരപ്പേല്‍, ഫാദര്‍ വി.ജോജോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബാലസോര്‍ രൂപതയുടെ കീഴിലാണ് ഇരു വൈദികരും പ്രവർത്തിക്കുന്നത്.


ബുധനാഴ്ച്ച വൈകുന്നേരം ഗംഗാധര്‍ മിഷന്റെ കീഴിലുള്ള പള്ളിയില്‍  മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനാണ് രണ്ട് വൈദികരും രണ്ട് കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരും എത്തിയത്. 


ആരാധന നടക്കുന്ന സമയത്ത് 70 ഓളം വരുന്ന ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ പള്ളിക്കുള്ളിലേക്ക് ഇരച്ചു കയറി മർദ്ദനം അഴിച്ചു വിടുകയായിരുന്നു. വൈദികരെയും കൂടെ ഉണ്ടായിരുന്ന സഹായിയേയും ഭീകരമായി മര്‍ദിച്ചു. 

aRcTcayhgSobePIhgZzpkn9ZyJRGL4GRHIMjA6rq

ഇരു വൈദികരുടേയും മൊബൈല്‍ പിടിച്ചെടുക്കുകയും വാഹനങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്തുവെന്ന് ഒപ്പമുണ്ടായിരുന്ന സിസ്‌റ്റേഴ്‌സ് ഓഫ് വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ എല്‍സി പറഞ്ഞു.

ബി.ജെ.ഡിയല്ല, ബി.ജെ.പിയാണ് ഒഡീഷ ഭരിക്കുന്നതെന്നോര്‍ക്കണമെന്നും, ക്രിസ്ത്യാനികളെ ഇവിടെ വേണ്ട, നിങ്ങളെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും  അക്രമികള്‍ വിളിച്ചു പറഞ്ഞതായി സിസ്റ്റര്‍ എല്‍സി പറഞ്ഞു. 


പ്രദേശവാസികളായ നാട്ടുകാരും സ്ത്രീകളും  അപേക്ഷിച്ചിട്ടും വൈദികർക്കെതിരായ മർദ്ദനം അവസാനിപ്പിക്കാൻ ബജറംഗ്ദൾ പ്രവര്‍ത്തകര്‍ തയ്യാറായില്ല. 


വൈദികരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്ന പ്രാദേശിക ചാനലുകള്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നുവെന്നും സിസ്റ്റര്‍ വ്യക്തമാക്കി

സംഭവസ്ഥലത്ത് പോലീസ് എത്തിയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല. ഫാദര്‍ ലിജോ ദീര്‍ഘനാളായി ഒഡീഷയില്‍ ജോലി ചെയ്യുന്ന വൈദികനാണ്.


ക്രിസ്ത്യാനികള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ പ്രാദേശിക മാധ്യമങ്ങള്‍ മുന്നിലാണെന്നും ആരോപണമുയർന്നിട്ടുണ്ട്. 


ഇക്കഴിഞ്ഞയിടെ ഛത്തീസ്ഗഡിൽ  മലയാളികളായ രണ്ട് കന്യാസ്ത്രീകൾക്കെതിരെ ബജ്റംഗ്ദൾ അക്രമം അഴിച്ചുവിട്ടത് കേരളത്തിൽ വലിയ ചർച്ചയായിരുന്നു.

അറസ്റ്റിലായ അവർക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വീണ്ടുമൊരു സംസ്ഥാനത്ത് കൂടി മർദ്ദനം നടന്നുവെന്ന വാർത്ത പുറത്ത് വരുന്നത്

Advertisment