സണ്‍റൂഫിലൂടെ കാഴ്ച കണ്ട് യാത്ര.തല ഓവര്‍ഹെഡ് ബാരിയറില്‍ ഇടിച്ച് കുട്ടിക്ക് പരിക്ക്

കുട്ടിയുടെ തല ഓവര്‍ഹെഡ് ബാരിയറില്‍ ഇടിക്കുന്ന ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

New Update
photos(198)

ബെംഗളൂരു: ഓടുന്ന കാറിന്റെ സണ്‍റൂഫിലൂടെ എഴുന്നേറ്റു നിന്ന കുട്ടിയുടെ തല ഓവര്‍ഹെഡ് ബാരിയറില്‍ ഇടിച്ചു. ബെംഗളൂരുവിലെ വിദ്യാരണ്യപുര റോഡിലാണ് സംഭവം. കുട്ടിയുടെ നില തൃപ്തികരമാണെന്ന് യെലഹങ്ക പൊലീസ് അറിയിച്ചു.

Advertisment

ശനിയാഴ്ചയാണ് തല ഇടിച്ച് കുട്ടിക്ക് പരിക്കേറ്റത്. തിരക്കേറിയ ഒരു റോഡിലൂടെ ഒരു ചുവന്ന എസ്യുവി പോകുന്നതാണ് വിഡിയോയില്‍. അതില്‍ ഒരു കുട്ടി കാറിന്റെ സണ്‍റൂഫിന് മുകളിലൂടെ തല പുറത്തേക്കിട്ട് നിന്ന് കാഴ്ചകള്‍ കാണുകയും യാത്ര ആസ്വദിക്കുകയും ചെയ്യുന്നു.

എന്നാല്‍ പെട്ടെന്നാണ് വാഹനം വലിയ വാഹനങ്ങളുടെ യാത്ര നിയന്ത്രിക്കാന്‍ സ്ഥാപിച്ച ഓവര്‍ഹെഡ് ബാരിയറിനടിയിലൂടെ കടന്നു പോകുന്നത്. പിന്നാലെ ബാരിയര്‍ കുട്ടിയുടെ തലയില്‍ ശക്തമായി ഇടിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ ഉള്ളിലേക്ക് തന്നെ കുട്ടി വീഴുന്നതും വിഡിയോയിലുണ്ട്.

കുട്ടിയുടെ തല ഓവര്‍ഹെഡ് ബാരിയറില്‍ ഇടിക്കുന്ന ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സുരക്ഷിതമായി സണ്‍റൂഫ് ഉപയോഗിക്കാത്ത സമാന സംഭവങ്ങള്‍ പലരും ചൂണ്ടിക്കാണിച്ചു. വാഹനങ്ങളുടെ സണ്‍റൂഫുകള്‍ അപകടത്തിന് കാരണമായേക്കാം എന്നത് മോട്ടോര്‍ വാഹന വകുപ്പ് നിരന്തരം മുന്നറിയിപ്പ് നല്‍കുന്ന വിഷയങ്ങളിലൊന്നാണ്.

'അടുത്ത തവണ നിങ്ങളുടെ കുട്ടികളെ വാഹനത്തില്‍ നിന്നും പുറത്തേക്ക് നോക്കാന്‍ അനുവദിക്കുമ്പോള്‍ ഒരിക്കല്‍ കൂടി ചിന്തിക്കൂ!' എന്ന് കുറിച്ചാണ് വിഡിയോ എക്‌സില്‍ യുവാവ് പങ്കുവച്ചത്. സണ്‍റൂഫ് നിരോധിക്കണമെന്നും മുതിര്‍ന്നവരും പലപ്പോഴും തല പുറത്തേക്ക് ഇട്ട് അപകടകരമാം വിധം യാത്ര ചെയ്യാറുണ്ടെന്നും പലരും വിഡിയോ പങ്കുവെച്ച് വിമര്‍ശനവുമായി എത്തി. 

Advertisment