'സീറോ കടം' എന്ന നയവുമായി ബിസിനസ് നടത്തിയ റോയ്. ഇരുനൂറോളം പ്രോജക്ടുകൾ നടപ്പാക്കുകയും കേരളത്തിൽ 22 പ്രോജക്ടുകൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ എന്തിന് സ്വയം വെടിവച്ച് മരിച്ചു. ആദായനികുതി ഉദ്യോഗസ്ഥരെത്തിയത് ബംഗളുരുവിലെ 1000 ഫ്ലാറ്റുള്ള വമ്പൻ പദ്ധതിയിലെ സാമ്പത്തിക ഇടപാടുകൾ തേടി. റോയിയെ സമ്മർദ്ദത്തിലാക്കിയില്ലെന്ന് ആദായനികുതി വകുപ്പിന്റെ വിശദീകരണം. കടുംകൈയ്ക്ക് പിന്നിലെന്ത് ?

നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് കോൺഫി‍ഡന്റ് ഗ്രൂപ്പ് ഓഫീസുകളിലും റോയിയുടെ വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിരുന്നു ഇപ്പോഴത്തെയും പരിശോധനകൾ.

New Update
cj roy-9
Listen to this article
0.75x1x1.5x
00:00/ 00:00

ബംഗളുരു: ഒരു കടവും ഇല്ലാതെ സീറോ ഡെബ്‍റ്റ് എന്ന തത്വചിന്തയോടെ പ്രവർത്തിച്ചിരുന്ന മലയാളി വ്യവസായ പ്രമുഖനും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ റോയ് (57) സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയതിന്റെ കാരണം എന്താണെന്ന അമ്പരപ്പിലാണ് കേരളം. 

Advertisment

ഇരുനൂറോളം റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ നടപ്പാക്കുകയും കേരളത്തിൽ 22 പ്രോജക്ടുകൾ പുരോഗമിക്കുകയും ചെയ്യുന്ന റോയിക്ക് ആദായ നികുതി വകുപ്പിന്റെ ചോദ്യംചെയ്യലും റെയ്ഡും നേരിടാനുള്ള മനക്കട്ടി ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.


എന്നാൽ എന്തോ കടുത്ത സമ്മർദ്ദം അദ്ദേഹത്തിനു മേൽ ചെലുത്തപ്പെട്ടെന്നാണ് വിലയിരുത്തൽ. സമഗ്രമായ അന്വേഷണം അനിവാര്യമെന്ന് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിട്ടുണ്ട്. 

കേരള സർക്കാരും കർണാടകത്തോട് ഇക്കാര്യം ആവശ്യപ്പെട്ടേക്കും. നിലവിൽ കർണാടക ക്രൈംബ്രാഞ്ചിലെ സി.ഐ.ഡി വിഭാഗമാണ് അന്വേഷണം നടത്തുന്നത്.

cj roy-10


അതേസമയം, സി ജെ റോയിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. സി ജെ റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ല. നിയമപരമായാണ് എല്ലാ കാര്യങ്ങളും ചെയ്തത്. 


രണ്ടു മാസമായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇന്നലെയും ഉണ്ടായതെന്നും റോയിക്കുമേൽ യാതൊരുവിധത്തിലുള്ള സമ്മർദവും ചെലുത്തിയിട്ടില്ലന്നും വൃത്തങ്ങൾ വ്യക്തമാക്കി. 

നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് കോൺഫി‍ഡന്റ് ഗ്രൂപ്പ് ഓഫീസുകളിലും റോയിയുടെ വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിരുന്നു ഇപ്പോഴത്തെയും പരിശോധനകൾ.

cj roy-11


കൃത്യമായ ഭൂമി രേഖകളും നിയമക്കുരുക്കില്ലാത്തതും വ്യക്തവുമായ ഇടപാടുകളായിരുന്നു റോയിയുടെ മുഖമുദ്ര. ഫ്ലാറ്റുകൾ വാങ്ങുന്നവരുടെ വിശ്വാസമായിരുന്നു അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. 


മുപ്പത്തിയാറാം വയസിൽ സ്വന്തമായി വിമാനം സ്വന്തമാക്കിയാണ് റോയി വാർത്തകളിൽ നിറഞ്ഞിരുന്നത്. പിന്നീട് പടിപടിയായി ഉയർന്നു. 

ഇന്ത്യ, യു.എ.ഇ, അമേരിക്ക എന്നിവിടങ്ങളിലെല്ലാം റോയിക്ക് ബിസിനസുണ്ട്. റിയൽ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, എന്റർടെയ്ൻമെന്റ് മേഖലകളിലെല്ലാം നിക്ഷേപിച്ചു. മോഹൻലാലിന്റെ കാസിനോവ അടക്കം മലയാളത്തിലും കന്നഡയിലും പത്തോളം ചിത്രങ്ങൾ നി‌ർമ്മിച്ചു.

cj roy-12


വിദ്യാഭ്യാസത്തിലൂടെ മാത്രമേ ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടാനാവൂ എന്ന് വിശ്വസിച്ച റോയി കഴിഞ്ഞ വർഷം കേരളത്തിലെയും കർണാടകത്തിലെയും നിർധനരായ 200 കുട്ടികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പാണ് നൽകിയത്. 


കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്ഥാപനങ്ങളിൽ പഠിക്കാനായിരുന്നു ഈ തുക നൽകിയത്. ഇക്കൊല്ലം 300 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകാനിരിക്കെയാണ് ദാരുണമായ സംഭവമുണ്ടായത്. 

scholarship-2

ഇന്ത്യയിലും ഗൾഫിലുമായി 15000 ഉപഭോക്താക്കളാണ് കോൺഫിഡന്റ് ഗ്രൂപ്പിനുള്ളത്. 40 മില്യൺ ചതുരശ്ര അടി കെട്ടിടങ്ങളാണ് ഇവർ നിർമ്മിച്ച് കൈമാറിയത്. 

റിയൽ എസ്റ്റേറ്റ്, ആഡംബര വില്ലകൾ, പ്ലോട്ട് വികസനം, ടൗൺഷിപ്പുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ റോയി നിക്ഷേപം നടത്തിയിരുന്നു.


വ്യവസായലോകത്ത് ഞെട്ടലുണ്ടാക്കിയ ദുരന്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബന്ധുക്കൾ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. 


സി.ജെ. റോയിയെപ്പോലുള്ള ബിസിനസ് പ്രമുഖർ വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയിരുന്നതെന്ന് റോയിയുടെ അടുത്ത സുഹൃത്തും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ചന്ദ്രചൂഡ് പറയുന്നു. 

ഐടി റെയ്ഡുകളും മറ്റ് അന്വേഷണങ്ങളും ഇവരെ കടുത്ത മാനസിക വിഷമത്തിലാക്കാറുണ്ട്. റെയ്ഡ് നടന്നുകൊണ്ടിരിക്കെ റോയി ഏറെ അസ്വസ്ഥനായിരുന്നുവെന്നും, ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലുകളും സമ്മർദ്ദവും റോയിക്ക് താങ്ങാനായില്ലെന്നും ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടുന്നു. 

അധികാരികളിൽ നിന്നുള്ള അമിതമായ സമ്മർദ്ദമാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാൻ റോയിയെ പ്രേരിപ്പിച്ചതെന്ന് ചന്ദ്രചൂഡ് ആരോപിക്കുന്നു. 

cj roy-2

റോയ് അതീവ ആത്മവിശ്വാസമുള്ള ആളായിരുന്നുവെന്നും, മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും മുന്നിൽ നിന്നിരുന്ന വ്യക്തിയായിരുന്നുവെന്നും ചന്ദ്രചൂഡ് ഓർക്കുന്നു.


അന്വേഷണങ്ങളുടെ പേരിൽ അനാവശ്യമായ മാനസിക സമ്മർദ്ദങ്ങളോ മറ്റ് അസ്വാഭാവികമായ നടപടികളോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ജൂഡീഷ്യറി മേൽനോട്ടം വഹിക്കുന്ന അന്വേഷണം ആണ് അഭികാമ്യമെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. 


നിയമങ്ങൾ ലംഘിക്കപ്പെട്ടാൽ അതിൽ ഇടപെടാനും അന്വേഷണം നടത്താനും കേന്ദ്ര ഏജൻസികൾക്ക് പൂർണ്ണമായ അധികാരമുണ്ട്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. 

എന്നാൽ, സി ജെ റോയിയെപ്പോലെ ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള, വലിയൊരു പ്രസ്ഥാനത്തെ നയിക്കുന്ന ഒരു വ്യവസായിക്ക് ഇത്തരമൊരു കടുംകൈ ചെയ്യേണ്ടി വന്ന സാഹചര്യം എന്താണെന്ന് ഗൗരവമായി അന്വേഷിക്കേണ്ടതുണ്ട് - ഇതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

cj roy-4

ഡിസംബർ 28 മുതലാണ് കേരളത്തിൽ നിന്നുള്ള ആദായനികുതിസംഘം കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളിലും വീടുകളിലും റെയ്ഡ് തുടങ്ങിയത്. 


ഒന്നാം ഘട്ട പരിശോധനയ്ക്ക് ശേഷം ജനുവരി 22ന് അവർ വീണ്ടുമെത്തി. ബാംഗ്ളൂരിൽ അടുത്തിടെ നിർമ്മാണം ആരംഭിച്ച ആയിരം ഫ്ളാറ്റുകളുള്ള കൂറ്റൻ പ്രൊജക്ടിന്റെ സാമ്പത്തികവശം സംബന്ധിച്ചായിരുന്നു രണ്ടാമത്തെ അന്വേഷണം. 


റോയിയുടെ സഹോദരനും ദുബായ് കേന്ദ്രമാക്കി വൈറ്റ് ഗോൾഡ് ബിസിനസ് നടത്തുന്ന സി.ജെ ബാബുവിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. അന്ന് സീൽ വെച്ച് പോയ രേഖകൾ വീണ്ടും എടുക്കാനാണ് രണ്ട് ദിവസം മുമ്പ് ഉദ്യോഗസ്ഥർ വീണ്ടുമെത്തിയത്. 

റെയ്ഡിന്റെ പേരിൽ മാനസിക സംഘർഷത്തിലായിരുന്നു അദ്ദേഹമെന്നാണ് ജീവനക്കാർ അശോക് നഗർ പൊലീസിന് നൽകിയ മൊഴി.  

തൃശ്ശൂർ ചിരിയംകണ്ടത്ത് ജോസഫിന്റെ മകനായ റോയ് വളർന്നത് ബെംഗളുരുവിലാണ്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദത്തിനുശേഷം സ്വിറ്റ്സർലൻഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളിൽനിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ഡോക്ടറേറ്റ്‌നേടി. 


ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് 2005ൽ കോൺഫിഡന്റ് ഗ്രൂപ്പ് തുടങ്ങുന്നത്. ഇതുവരെ 200ലേറെ റസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രൊജക്ടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. 


തുടർന്ന്‌ ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, എന്റർടെയ്ൻമെന്റ്, വിദ്യാഭ്യാസം, റീട്ടെയിൽ തുടങ്ങിയ രംഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു.

കാസനോവ, മേം ഹൂ മൂസ, ഐഡന്റിറ്റി, ലയൺ ഓഫ് ദ് അറേബ്യൻ സീ എന്നി നാലു സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. രണ്ടുസിനിമകളിൽ നിർമ്മാണ പങ്കാളിയായിരുന്നു. രണ്ട് സിനിമകളിൽ മുഖംകാണിച്ചിട്ടുമുണ്ട്.

Advertisment