വിദ്വേഷ പ്രസംഗത്തിന് 7 വർഷം തടവ്. ബിൽ രാഷ്ട്രപതിക്ക് അയച്ച് ഗവർണർ

ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി ആർക്കും ആരെയും അധിക്ഷേപിക്കാമെന്ന് അർത്ഥമില്ല.

New Update
1526742-sidha-1

ബംഗളുരു: വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് ഏഴ് വർഷം തടവ് ഉറപ്പുവരുത്തുന്ന വിദ്വേഷ പ്രസംഗം-വിദ്വേഷ കുറ്റകൃത്യ നിരോധന ബിൽ രാഷ്ട്രപതിക്ക് അയച്ച് കർണാടക ഗവർണർ. 

Advertisment

ബില്ലിൽ തീരുമാനമെടുക്കാത്തതിനെ വിമർശിച്ച് സംസ്ഥാന സർക്കാർ രംഗത്തുവന്നതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ചിരിക്കുന്നത്. 

സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾക്കും സന്ദേശങ്ങൾക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം.

വാക്കുകൾ, ചിഹ്നങ്ങൾ, ദൃശ്യങ്ങൾ, ഇലക്ട്രോണിക് സന്ദേശങ്ങൾ എന്നിവയിലൂടെ ജീവിച്ചിരിക്കുന്നവർക്കോ മരിച്ചവർക്കോ ഏതെങ്കിലും സമുദായത്തിനോ എതിരെ വിദ്വേഷം പടർത്തുന്ന പ്രവൃത്തികൾ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽ വരും. കുറ്റക്കാർക്ക് കുറഞ്ഞത് ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്.

നിയമസഭാ സമ്മേളനത്തിൽ ഇരുസഭകളും പാസാക്കിയ ബില്ല് ഡിസംബർ അവസാനമാണ് ഗവർണറുടെ അനുമതിക്കായി അയച്ചത്. എന്നാൽ, ബില്ലിലെ 28 പോയിന്റുകളിൽ വ്യക്തത തേടിയ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയായിരുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി ആർക്കും ആരെയും അധിക്ഷേപിക്കാമെന്ന് അർത്ഥമില്ല. സമൂഹത്തിൽ സമാധാനം നിലനിർത്താനാണ് നിയമം കൊണ്ടുവന്നത്. 

എന്നാൽ, ഗവർണർ മനഃപൂർവം ഇത് രാഷ്ട്രപതിക്ക് വിട്ടു. ഇത് നടപ്പിലാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. ബില്ലിനെതിരെ ബിജെപി എന്തിനാണ് രംഗത്ത് വരുന്നതെന്നും അദ്ദേഹം ചോദിച്ചു. 

Advertisment