/sathyam/media/media_files/pqmbqJy0pNuogIteMZrq.jpg)
ബാംഗ്ലൂർ: തൊഴിൽ മേഖലയിൽ കർണാടക സ്വദേശികൾക്ക് 75ശതമാനം വരെ സംവരണം ഏർപ്പെടുത്താൻ കർണാടക സർക്കാർ കൊണ്ടുവന്ന ബിൽ നിയമമായാൽ ഏറ്റവും ദോഷകരമാവുക മലയാളികൾക്കായിരിക്കും. കർണാടകത്തിലെ വ്യവസായ ശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ, ഐ.ടി മേഖല, വ്യാപാര - വാണിജ്യ മേഖലകൾ എന്നിവിടങ്ങളിലെല്ലാം മലയാളികളാണ് ഏറ്റവുമുള്ളത്.
ബിൽ കർണാടക മന്ത്രിസഭ അംഗീകരിച്ചെങ്കിലും വ്യവസായ മേഖലയിൽ നിന്ന് അതിശക്തമായ എതിർപ്പ് ഉയർന്നതോടെ താത്കാലികമായി പിൻവലിച്ചിരിക്കുകയാണ്. ഇനി എപ്പോഴാണ് ബിൽ നിയമസഭയിൽ അവതരിപ്പിക്കുക എന്ന് വ്യക്തമല്ല.
കർണാടക സ്റ്റേറ്റ് എംപ്ളോയ്മ്മെന്റ് ഓഫ് ലോക്കൽ ഇൻഡസ്ട്രി, ഫാക്ടറി എസ്റ്റാബ്ളിഷ്മെന്റ് ആക്ട് എന്ന് പേരിട്ട ബിൽ നിയമമായാൽ കർണാടകത്തിലുടനീളം ഐ.ടി, വാണിജ്യ, വ്യവസായ മേഖലകളിലെ ലക്ഷക്കണക്കിന് മലയാളികൾക്ക് ദോഷകരമാവും.
അവിടുത്തെ മുൻനിര സ്ഥാപനങ്ങളിൽ ഉന്നത ജോലികളിലടക്കം മലയാളികളാണുള്ളത്. ലോകത്തെ തന്നെ ഏറ്റവും വലിയ ഐ.ടി.നഗരങ്ങളിലൊന്നായ ബാംഗ്ളൂരിൽ ഇത്തരം നിയമം വരുന്നത് തിരിച്ചടിയാകുമെന്ന് ഐ.ടി.സ്ഥാപനങ്ങളുടെ ദേശീയ ഏജൻസിയായ നാസ്കോം, ഐ.ടി.കമ്പനികളുടെ കൂട്ടായ്മയുടെ അദ്ധ്യക്ഷ കിരൺ മജുംദാർ ഷാ തുടങ്ങിയവർ മുന്നറിയിപ്പ് നൽകി.
ഉയർന്ന തസ്തികകളിൽ 50%ഉം ഇടത്തരം തസ്തികകളിൽ 70%ഉം താഴ്ന്ന തസ്തികകളിൽ 100%ഉം ആണ് കന്നഡ സംവരണം. 100 പേരിൽ കൂടുതലുള്ള സ്ഥാപനങ്ങളിൽ നിയമസമിതികളിൽ സർക്കാർ പ്രതിനിധി വേണം. നിയമം ലംഘിച്ചാൽ കാൽലക്ഷം രൂപവരെ പിഴയും നിയമത്തിൽ വ്യവസ്ഥയുണ്ട്. ബിൽ നിയമമായാൽ വൻതോതിൽ മലയാളികൾക്ക് തൊഴിൽ നഷ്ടമുണ്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു.
ദേശീയ പാർട്ടിയായ കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ പ്രാദേശിക സംവരണം ഏർപ്പെടുത്തിയത് രാജ്യവ്യാപക ചർച്ചയായതോടെ, കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ബിൽ പിൻവലിപ്പിച്ചത് എന്നാണ് സൂചന. കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇത് തിരിച്ചടിയാവുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
ഇന്ത്യയിലെ ഐ.ടി.കയറ്റുമതിയുടെ 30%ഉം വഹിക്കുന്ന ബാംഗ്ളൂരിൽ 18 ലക്ഷത്തിലേറെ ഐ.ടി.ജീവനക്കാരുണ്ട്. ഇതിൽ പത്തു ശതമാനത്തിലേറെ മലയാളികളാണ്. ഐ.ടി.സ്ഥാപനങ്ങളിൽ മാത്രമല്ല മാളുകൾ, ആശുപത്രികൾ, ആയുവേദകേന്ദ്രങ്ങൾ, ബി.പി.ഒ.മേഖല, ഫാക്ടറികൾ പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ തൊഴിൽ ലഭ്യതയ്ക്കും നിയമം പ്രതിസന്ധിയുണ്ടാക്കും.
ബാംഗ്ളൂർ നഗരത്തിൽ മാത്രം എട്ടുലക്ഷത്തിലേറെ മലയാളികളാണ് പണിയെടുക്കുന്നത്. 15 വർഷമെങ്കിലും കർണാടകത്തിൽ താമസിക്കുന്ന, കന്നഡ വിഷയമായി സ്കൂൾ സർട്ടിഫിക്കറ്റിലുണ്ടെങ്കിൽ മാത്രമാണ് കന്നഡിഗ എന്ന സംവരണവിഭാഗത്തിൽ ഉൾപ്പെടുകയുള്ളുവെന്നതാണ് നിയമത്തിലെ വ്യവസ്ഥ. അതിനാൽ മലയാളികൾക്ക് ഈ നിയമത്തിൽ പരിരക്ഷ ലഭിക്കില്ലെന്ന് ഉറപ്പാണ്.
നൂറുശതമാനം സംവരണം ഏർപ്പെടുത്തിയാൽ ബെംഗളൂരുവിലെ ഐ.ടി. കമ്പനികൾ അമരാവതിയിലേക്കോ ഗുജറാത്തിലേക്കോ വടക്കേയിന്ത്യയിലേക്കോ മാറ്റേണ്ടിവരുമെന്ന് പേടിഎം മുൻ വൈസ് പ്രസിഡന്റ് സൗരഭ് ജെയിൻ അഭിപ്രായപ്പെട്ടു.
ഒരു ടെക് ഹബ് എന്നനിലയിൽ തങ്ങൾക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആവശ്യമാണെന്നും മുൻനിരജീവനക്കാരെ നിയമിക്കുന്നതിനെ നിയമം ബാധിക്കരുതെന്നും ബയോകോൺ ലിമിറ്റഡ് ചെയർപേഴ്‌സൺ കിരൺ മജുംദാർ ചൂണ്ടിക്കാട്ടി. മലയാളികളുൾപ്പെടെയുള്ളവർക്ക് ബാംഗ്ളൂരിൽ തൊഴിൽലഭ്യത പരിമിതപ്പെടുത്താനുള്ള നീക്കത്തിനെതിരെ ശക്തമായി പോരാടുമെന്ന് ബാംഗ്ളൂർ കേരളസമാജവും വ്യക്തമാക്കി.
സ്വകാര്യമേഖലയിൽ തെലുങ്കർക്ക് 75% സംവരണം ഉറപ്പാക്കിയ ആന്ധ്രാപ്രദേശിയിൽ 2019ലും താഴ്ന്ന തസ്തികകളിൽ ഹരിയാനക്കാർക്ക് 75% സംവരണം പ്രഖ്യാപിച്ച് ഹരിയാന 2023ലും നിയമം കൊണ്ടുവന്നെങ്കിലും ഭരണഘടനാതത്വങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി അതത് സംസ്ഥാന ഹൈക്കോടതികൾ നിയമം അസാധുവാക്കിയിരുന്നു.
മഹാരാഷ്ട്രയിൽ ശിവസേന, എൻ.സി.പി.സഖ്യസർക്കാർ താഴ്ന്ന തസ്തികകളിൽ 2022ൽ മറാഠികൾക്ക് 80% സംവരണമുറപ്പാക്കാനുള്ള നിയമം തൊഴിൽവകുപ്പ് തയ്യാറാക്കിയെങ്കിലും അപ്രായോഗികമെന്ന് പറഞ്ഞ് നിയമവകുപ്പ് തളളിയതിനാൽ നിയമസഭയിൽ അവതരിപ്പിക്കാനായില്ല.
എന്തുനേട്ടമാണ് ഇതുകൊണ്ടുണ്ടാവുകയെന്ന് പ്രമുഖ വ്യവസായി ടി.വി. മോഹൻദാസ് പൈ ചോദിച്ചു. കന്നഡികരുടെ ഉന്നമനമാണ് ലക്ഷ്യമെങ്കിൽ ഉന്നതവിദ്യാഭ്യാസത്തിന് കൂടുതൽ പണം വിനിയോഗിക്കുകയും കന്നഡികരുടെ തൊഴിൽ നൈപുണി വർധിപ്പിക്കുകയുമാണ് വേണ്ടതെന്നും പറഞ്ഞു. ദൂരക്കാഴ്ചയില്ലാത്ത തീരുമാനമാണിതെന്ന് ആർ.കെ. മിശ്ര വിമർശിച്ചു.