ബംഗലൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഹ്ലാദ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ കടുത്ത നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍.
ബംഗലൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരു, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷയന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ, അഡീഷണല്‍ കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍, സെന്‍ട്രല്‍ ഡിവിഷന്‍ ഡിസിപി, എസിപി, കബ്ബന്‍ പാര്‍ക്ക് പൊലീസ് ഇന്‍സ്പെക്ടര്‍, സ്റ്റേഷന്‍ ഹൗസ് മാസ്റ്റര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
വിജയാഹ്ലാദ പരിപാടി ഞായറാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.