സസ്‌പെന്‍ഷന് പിന്നാലെ ബിആര്‍എസ് വിട്ട് കെ. കവിത. എംഎല്‍സി സ്ഥാനവും രാജിവെച്ചു

പാർട്ടി വർക്കിങ് പ്രസിഡന്റാക്കണമെന്ന് കവിത നേരത്തെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

New Update
1001222656

ബംഗളൂരു: തെലങ്കാന മുൻ മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷനേതാവുമായ കെ.ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിത ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) പാർട്ടി വിട്ടു. 

Advertisment

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കവിതയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നതായി കവിത അറിയിച്ചത്. 

എംഎല്‍സി സ്ഥാനവും കവിത രാജിവെച്ചു.

വാര്‍ത്താസമ്മേളനം നടത്തിയായിരുന്നു കവിത രാജി പ്രഖ്യാപിച്ചത്. ബിആര്‍എസ് നേതാക്കളായ ഹരീഷ് റാവുവും സന്തോഷ് റാവുവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരായ പാർട്ടി നടപടിയെന്ന് കവിത ആരോപിച്ചു.

 ഇരുവരും പാർട്ടിയുടെ അഭ്യുദയകാംക്ഷികൾ അല്ലെന്നും തന്‍റെ ഗതി നാളെ കെസിആറിനും കെടിആറിനും വരാമെന്നും കവിത പറഞ്ഞു.

താന്‍ മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും ഭാവി പരിപാടികള്‍ അനുയായികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും കവിത കൂട്ടിച്ചേർത്തു.

2014ൽ ബിആർഎസ് അധികാരത്തിലിരുന്നപ്പോൾ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ഹരീഷ് റാവുവും മുൻ രാജ്യസഭാ എംപി ജെ.സന്തോഷ് കുമാറും നിലവിലെ കോൺഗ്രസ് മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയുമായി ഒത്തുകളിച്ച് അനധികൃത സ്വത്ത് സമ്പാദനത്തിനും ചന്ദ്രശേഖര റാവുവിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും ശ്രമിച്ചെന്ന് കവിത ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയായിരുന്നു കവിതയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

പാർട്ടി വർക്കിങ് പ്രസിഡന്റാക്കണമെന്ന് കവിത നേരത്തെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മേയിൽ കെസിആറിന് എഴുതിയ കത്തിൽ പാർട്ടിക്കുള്ളിൽ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടെന്ന് കവിത സൂചിപ്പിച്ചതിനെ തുടർന്നാണ് ഭിന്നത മറനീക്കി പുറത്തുവന്നത്.

കവിതയുടെ യുഎസ് സന്ദർശനത്തിനിടെ ആയിരുന്നു കത്ത് ചോർന്നത്. കത്ത് തന്റേത് തന്നെയാണെന്ന് കവിത സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Advertisment