ബംഗളൂരു: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ അനുശോചനമറിയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും.
'ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന ആളുകള്‍ ദുരന്തത്തില്‍ മരിച്ചുവെന്നത് അങ്ങേയറ്റം വേദനാജനകവും ഞെട്ടലുളവാക്കുന്നതുമാണ്.
ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു'. ശിവകുമാര്‍ പറഞ്ഞു.
അയ്യായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നെന്നും എന്നാൽ ജനക്കൂട്ടം അനിയന്ത്രിതമായതോടെയാണ് ദുരന്തമുണ്ടായതെന്നും കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വ്യക്തമാക്കി. പരുക്കേറ്റവരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി സന്ദർശിച്ചു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ചെറിയതോതിൽ ലാത്തി ചാർജ് നടത്തിയിരുന്നു. പല തവണ മുന്നറിയിപ്പു നൽകിയിട്ടും ജനം അവഗണിച്ചെന്ന് പൊലീസ് പറയുന്നു.
50 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. രാവിലെ മുതൽ സ്റ്റേഡിയത്തിനു മുന്നിൽ വലിയ തിരക്കായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു.