ബംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ആഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ചികിത്സയും കര്‍ണാടക സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ എത്തിയതാണ് ദാരുണമായ ദുരന്തത്തിന് ഇടയാക്കിയതെന്ന് കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ചിന്നിസ്വാമി സ്റ്റേഡിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇവിടെ 35000 ആളുകളെ മാത്രമാണ് ഉള്‍ക്കൊള്ളാനാകുന്നത്.
എന്നാല്‍ സ്റ്റേഡിയത്തില്‍ കയറാനായി വന്നത് രണ്ട് മുതല്‍ മൂന്ന് ലക്ഷത്തോളം പേരാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലുമാണ് ദുരന്തമുണ്ടായത്.
ബെംഗളൂരു നഗരത്തില്‍ ലഭ്യമായ മുഴുവന്‍ പോലീസ് സേനയെയും വിന്യസിച്ചിരുന്നു. തീര്‍ച്ചയായും, ഈ ദുരന്തം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇരകള്‍ക്കൊപ്പമാണ് തങ്ങളെന്നും കര്‍ണാടക മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുരന്തത്തിന് പിന്നാലെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, ആഭ്യന്തര മന്ത്രി ജി.പരമേശ്വര എന്നിവര്‍ക്കൊപ്പം നടത്തിയ അടിയന്തര പത്രസമ്മേളനത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.