ഡല്‍ഹി: ഛത്തീസ്ഗഡിലെ ബസ്തറില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഉന്നത നക്‌സല്‍ കമാന്‍ഡര്‍മാരെ വെടിവച്ചു കൊന്നു.
ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് ഒരു എകെ-47 റൈഫിള്‍, മറ്റ് നിരവധി തോക്കുകള്‍, സ്‌ഫോടകവസ്തുക്കള്‍, നക്‌സലുമായി ബന്ധപ്പെട്ട വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു.
ഛത്തീസ്ഗഡിലെ കൊണ്ടഗാവ്, നാരായണ്‍പൂര്‍ എന്നിവയുടെ അന്തര്‍ ജില്ലാ അതിര്‍ത്തിക്ക് സമീപമുള്ള കിലം-ബര്‍ഗം പ്രദേശത്തെ ഇടതൂര്‍ന്ന വനങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
മരിച്ചവര്‍ കിഴക്കന്‍ ബസ്തര്‍ ഡിവിഷനിലെ പ്രധാന പ്രവര്‍ത്തകരായ ഡിവിസിഎം ഹല്‍ദാര്‍, എസിഎം റാമെ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.
മേഖലയിലെ നക്‌സല്‍ നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ജില്ലാ റിസര്‍വ് ഗാര്‍ഡും ബസ്തര്‍ ഫൈറ്റേഴ്സും ചേര്‍ന്നുള്ള സംയുക്ത സംഘം ഏപ്രില്‍ 15 ന് ഒരു ഓപ്പറേഷന്‍ ആരംഭിച്ചു. ഇത് ഏറ്റുമുട്ടലിലേക്ക് നയിച്ചു.
ഡിവിസിഎം ഹല്‍ദാറിന്റെ തലക്ക് 8 ലക്ഷം രൂപയും എസിഎം റാമെയ്ക്ക് 5 ലക്ഷം രൂപയും ഉള്‍പ്പെടെ 13 ലക്ഷം രൂപയായിരുന്നു ഇരുവരുടെയും തലക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.