മൃതദേഹങ്ങൾക്ക് ആദരമൊരുക്കുന്ന 'ബൗറി ഭായ്'; ശവമഞ്ചം കെട്ടിയും അന്ത്യകർമ്മങ്ങൾ ചെയ്തും 12 വർഷമായി പ്രതിഫലം വാങ്ങാതെ ഒരു മനുഷ്യസ്നേഹി

ഉറക്കത്തിനിടയില്‍ വിളി വന്നാല്‍ പോലും അദ്ദേഹം പോകാറുണ്ടെന്നും, ആളുകള്‍ക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കാണുമ്പോള്‍ അഭിമാനം തോന്നാറുണ്ടെന്നും ഭാര്യ ലിന സേഠി പറയുന്നു.

New Update
Untitled

കട്ടക്: മരണം ഒരു വീടിന്റെ വെളിച്ചം കെടുത്തുമ്പോള്‍, ആ കുടുംബത്തിന്റെ സങ്കടങ്ങളില്‍ താങ്ങായി ആദ്യം ഓടിയെത്തുന്ന ഒരു മനുഷ്യനുണ്ട് ഒഡീഷയിലെ കട്ടക്കില്‍ - ബാലകൃഷ്ണ സേഠി.

Advertisment

കഴിഞ്ഞ 12 വര്‍ഷമായി ജാതിയോ മതമോ നോക്കാതെ, ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ആയിരക്കണക്കിന് മൃതദേഹങ്ങള്‍ക്ക് അന്ത്യയാത്രയൊരുക്കുകയാണ് ഈ 58-കാരന്‍. നാട്ടുകാര്‍ക്കിടയില്‍ അദ്ദേഹം 'ബൗറി ഭായ്' എന്നാണ് അറിയപ്പെടുന്നത്.


പന്ത്രണ്ട് വര്‍ഷം മുമ്പ് ഒരു ശവസംസ്‌കാര ഘോഷയാത്രയ്ക്കിടെ ശവമഞ്ചം തകര്‍ന്ന് മൃതദേഹം താഴെ വീഴുന്ന കാഴ്ചയാണ് ബാലകൃഷ്ണയുടെ ജീവിതം മാറ്റിയത്. മരിച്ചവര്‍ക്കും മാന്യമായ യാത്രയയപ്പ് ലഭിക്കണമെന്ന് അന്ന് അദ്ദേഹം ഉറപ്പിച്ചു. അന്നുമുതല്‍ ശവമഞ്ചം (ഒഡിയ ഭാഷയില്‍ 'കൊകെയി') കെട്ടുന്നതും ശവസംസ്‌കാര ചടങ്ങുകളില്‍ സഹായിക്കുന്നതും അദ്ദേഹം തന്റെ ജീവിതദൗത്യമാക്കി മാറ്റി.


കട്ടക്കിലെ ദിയുള്‍ സാഹിയിലെ ഇടുങ്ങിയ ലെയിനില്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടാണ് അദ്ദേഹം ഉപജീവനം കണ്ടെത്തുന്നത്. എന്നാല്‍ ഒരു മരണവാര്‍ത്ത അറിഞ്ഞാല്‍ ജോലി പാതിവഴിയില്‍ ഉപേക്ഷിച്ചും അദ്ദേഹം ഓടിയെത്തും. കത്തുന്ന വെയിലോ പേമാരിയോ രാത്രിയോ ഒന്നും അദ്ദേഹത്തിന് തടസ്സമല്ല.

ശവമഞ്ചം കെട്ടുന്നതിനോ ശ്മശാനത്തില്‍ കൂടെ പോകുന്നതിനോ അദ്ദേഹം പണം വാങ്ങാറില്ല. പലപ്പോഴും ബന്ധുക്കള്‍ പോലും മടിക്കുന്ന കോവിഡ് കാലത്ത്, മണിക്കൂറുകളോളം ശ്മശാനത്തില്‍ ചിലവഴിച്ച് അനാഥമായ മൃതദേഹങ്ങള്‍ വരെ അദ്ദേഹം സംസ്‌കരിച്ചിട്ടുണ്ട്.

ഉറക്കത്തിനിടയില്‍ വിളി വന്നാല്‍ പോലും അദ്ദേഹം പോകാറുണ്ടെന്നും, ആളുകള്‍ക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കാണുമ്പോള്‍ അഭിമാനം തോന്നാറുണ്ടെന്നും ഭാര്യ ലിന സേഠി പറയുന്നു.


'മരണം ഒരു കുടുംബത്തെ തകര്‍ക്കുന്ന സമയമാണ്. ആചാരങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. അങ്ങനെയുള്ളവരെ സഹായിക്കുന്നത് എനിക്ക് സംതൃപ്തി നല്‍കുന്നു. എന്റെ കുടുംബം പുലര്‍ത്താന്‍ ഞാന്‍ ഇസ്തിരിയിട്ട് പണം ഉണ്ടാക്കുന്നുണ്ട്, ഈ പുണ്യപ്രവൃത്തിക്ക് എനിക്ക് പ്രതിഫലം വേണ്ട,' ബാലകൃഷ്ണ സേഠി വിനയത്തോടെ പറയുന്നു.


മിക്കപ്പോഴും ആരും വിളിക്കാതെ തന്നെ സഹായവുമായി എത്തുന്ന ബൗറി ഭായ്, തങ്ങള്‍ക്ക് സ്വന്തം കുടുംബാംഗത്തെപ്പോലെയാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം താത്പര്യങ്ങള്‍ക്കപ്പുറം മനുഷ്യത്വത്തിന് വില നല്‍കുന്ന ബാലകൃഷ്ണ സേഠി ഇന്ന് ഒഡീഷയുടെ അഭിമാനമാണ്.

Advertisment