മിസോറാം: മിസോറാമിലെ ജനസംഖ്യാ കുറവ് കണക്കിലെടുത്ത് കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ സഭാ വിഭാഗമായ ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഓഫ് മിസോറാം (ബിസിഎം).
മതം സംരക്ഷിക്കപ്പെടുന്നതിനായി അടുത്തിടെ നടന്ന 129-ാമത് യോഗത്തില്‍ സഭയിലെ വിവാഹിതരായ അംഗങ്ങളോടാണ് ഈ അഭ്യര്‍ത്ഥന നടത്തിയത്.
മിസോ സമൂഹത്തിന്റെ നിലനില്‍പ്പും സ്വത്വവും നിലനിര്‍ത്തുന്നതിനായി ഈ വിഷയത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനും കൂടുതല്‍ കുട്ടികളുണ്ടാകാന്‍ അവരെ പ്രേരിപ്പിക്കാനും ബിസിഎം തീരുമാനിച്ചു.
മിസോറാമിലെ ആകെ ജനസംഖ്യ 12 ലക്ഷത്തിലധികമാണ്. എന്നാല്‍ ഇവിടെ ജനനനിരക്കില്‍ കുറവ് കാണപ്പെടുന്നുണ്ട്. ഇതിനുപുറമെ, ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ തുടര്‍ച്ചയായ വരവ് ഇവിടെയുണ്ട്.
മിസോ ജനസംഖ്യ ഈ നിരക്കില്‍ കുറയുന്നത് തുടര്‍ന്നാല്‍ അത് 'സമൂഹം, സംസ്ഥാനം, മതം, സഭ' എന്നിവയില്‍ പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സഭ ആശങ്കപ്പെടുന്നുണ്ട്.
യുവാക്കളോട് മരണത്തിന് കാരണമാകുന്ന മയക്കുമരുന്ന് ആസക്തിയില്‍ നിന്ന് വിട്ടുനില്‍ക്കാനും എച്ച്‌ഐവി/എയ്ഡ്സിന്റെ വ്യാപനത്തിനും അഴിമതിക്കും മറ്റ് സാമൂഹിക തിന്മകള്‍ക്കും എതിരെ പോരാടാനും സഭ അഭ്യര്‍ത്ഥിച്ചു.
ഈ സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി എല്ലാ പ്രാദേശിക പള്ളികളിലും കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
വിരമിച്ച ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍മാരെ ജീവിതകാലം മുഴുവന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കാനുള്ള നിര്‍ദ്ദേശം നിരസിക്കപ്പെട്ടു.
ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നില്ലെന്ന് പൊതുജനങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും പ്രതിനിധികള്‍ സമ്മതിച്ചു.