Advertisment

മൂന്ന് ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്ത് യുവാക്കളെ റഷ്യയിലേക്ക് ജോലിക്കെന്ന പേരിൽ റിക്രൂട്ട് ചെയ്യുന്നത് യുദ്ധം ചെയ്യാൻ ! കർണാടകത്തിൽ നിന്നടക്കമുള്ള ഒരു ഡസനിലേറെ യുവാക്കൾ യുദ്ധമുഖത്ത് കുടുങ്ങി; രക്ഷിച്ചെടുക്കാൻ പരിശ്രമിച്ച് കേന്ദ്രം; യുവാക്കൾ കുടുങ്ങിയത് ശക്തമായ മിസൈൽ, റോക്കറ്റ് ആക്രമണത്തിനിടയിൽ; ഇന്റർനെറ്റിലൂടെയുള്ള ജോലി റിക്രൂട്ട്മെന്റിൽ ജാഗ്രത വേണം

സുരക്ഷാ സഹായികളായി ജോലിക്ക് എത്തിയവരെ യുക്രൈൻ അതിർത്തി പ്രദേശങ്ങളിൽ യുദ്ധം ചെയ്യാൻ നിർബന്ധിതരാക്കുന്നുവെന്ന് ചിലർ വീഡിയോയിലൂടെ അറിയിച്ചിരുന്നു. ബാബാ ബ്ലോഗ്സ് എന്ന പേരിൽ യൂട്യൂബിൽ വ്‌ളോഗ് ചെയ്യുന്ന ഫൈസൽ ഖാൻ വഴിയാണ് ഇവർ ജോലിക്ക് അപേക്ഷിച്ചത്.

New Update
fake

ഡൽഹി: റഷ്യയിലേക്കുള്ള റിക്രൂട്ട്മെന്റിന് കർശന നിയന്ത്രണവും കടുത്ത നിരീക്ഷണവും ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ. റഷ്യൻ സൈന്യത്തിനു വേണ്ടി യുക്രെയിനെതിരേ യുദ്ധം ചെയ്യാൻ ഇന്ത്യാക്കാരെ വൻതോതിൽ റിക്രൂട്ട് ചെയ്യുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ഗൾഫിൽ നിന്നടക്കം വൻതോതിൽ റിക്രൂട്ട്മെന്റ് നടക്കുന്നതായാണ് വിവരം. ഇതേത്തുടർന്നാണ് കേന്ദ്രത്തിന്റെ കർശന നിയന്ത്രണങ്ങൾ വരുന്നത്. മൂന്നു ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന യുവാക്കൾക്ക് ആയുധപരിശീലനം നൽകി യുക്രെയിന് എതിരായ യുദ്ധമുഖത്ത് വിന്യസിക്കുകയാണ് ചെയ്യുക.

Advertisment

യുക്രൈനുമായുള്ള യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തിന്റെ സഹായിയായി പ്രവർത്തിച്ച ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായാണ് ഒടുവിലത്തെ വിവരം. ഗുജറാത്ത് സൂറത്ത് സ്വദേശിയായ 23കാരൻ ഹാമിൽ മംഗുകിയ എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 23നാണ് യുവാവിന്റെ മരണവിവരം അറിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. ഹെമിലിനൊപ്പമുള്ള ഹൈദരാബാദ് സ്വദേശിയായ ഇമ്രാൻ എന്ന ആളാണ് 23ന് വൈകുന്നേരം ആറു മണിക്ക് മരണവിവരം അറിയിച്ചത്.

യുദ്ധമേഖലയിൽ ഒരു മിസൈൽ ആക്രമണത്തിൽ മരിച്ചെന്നായിരുന്നു സന്ദേശം. ഫെബ്രുവരി 21നാണ് ഹാമിൽ മരിച്ചതെന്നാണ് വിളിച്ചയാൾ പറഞ്ഞത്. കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുൻപ് ഹെമിൽ പിതാവുമായി സംസാരിച്ചിരുന്നു. താൻ സുഖമായിരിക്കുന്നുവെന്നാണ് ഹെമിൽ പിതാവിനെ അറിയിച്ചത്. സൈന്യത്തിന്റെ സഹായിയായാണ് ജോലി ചെയ്യുന്നതെന്നുമാണ് യുവാവ് പറഞ്ഞതെന്നും ബന്ധു  പറഞ്ഞു.

റഷ്യൻ സൈന്യത്തിന്റെ സഹായികളായി പ്രവർത്തിക്കാനെന്ന വ്യാജേന ഇന്റർനെറ്റിലൂടെയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇത് തടയാൻ ഇന്റർനെറ്റിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റിക്രൂട്ടിംഗ് എജൻസികളടക്കം നിരീക്ഷണത്തിലാണ്. റഷ്യയിൽ കൊല്ലപ്പെട്ട സൂറത്ത് സ്വദേശി റഷ്യയിൽ സെക്യൂരിറ്റി ജോലിക്ക് വേണ്ടി അപേക്ഷിച്ചത് യൂട്യൂബ് വീഡിയോ കണ്ടാണ്. ജോലി ഉറപ്പാണെന്ന വിവരം ലഭിച്ചതോടെ യുവാവ് ചെന്നൈ വഴി മോസ്‌കോയിലെത്തി. തുടർന്ന് റഷ്യൻ സൈന്യത്തിൽ സഹായിയായി റിക്രൂട്ട് ചെയ്യപ്പെടുകയായിരുന്നു. 3 ലക്ഷത്തോളം രൂപ ശമ്പളമാണ് ഇങ്ങനെ റിക്രൂട്ട് ചെയ്യുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെടുന്നത്. എന്നാൽ അപകടം തിരിച്ചറിയാതെ യുവാക്കൾ വമ്പൻ ശമ്പളത്തിന്റെ ചതിക്കുഴിയിൽ വീണുപോവുകയാണ്.

ജോലി തേടി റഷ്യയിലെത്തിയ 12ഓളം ഇന്ത്യക്കാർ റഷ്യയിലെ യുദ്ധമേഖലയിൽ കുടുങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ഇവരെ യുദ്ധമുഖത്ത് നിന്ന് രക്ഷിച്ചെടുത്ത്  തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ കേന്ദ്രം തുടരുകയാണ്.  റഷ്യൻ അധികാരികളുമായി മോസ്‌കോയിലെ ഇന്ത്യൻ എംബസി ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

സുരക്ഷാ സഹായികളായി ജോലിക്ക് എത്തിയവരെ യുക്രൈൻ അതിർത്തി പ്രദേശങ്ങളിൽ യുദ്ധം ചെയ്യാൻ നിർബന്ധിതരാക്കുന്നുവെന്ന് ഇവരിൽ ചിലർ വീഡിയോയിലൂടെ അറിയിച്ചിരുന്നു. ബാബാ ബ്ലോഗ്സ് എന്ന പേരിൽ യൂട്യൂബിൽ വ്‌ളോഗ് ചെയ്യുന്ന ഫൈസൽ ഖാൻ വഴിയാണ് ഇവർ ജോലിക്ക് അപേക്ഷിച്ചത്.

റഷ്യയിലെത്തിയ ഇവർക്ക് കിട്ടിയത് ആയുധ പരിശീലനമാണ്. പിന്നാലെ യുദ്ധമുഖത്തേക്ക് പോകാൻ നിർദേശം കിട്ടി. ഇതോടെയാണ് ഇവർ നാട്ടിലേക്ക് സന്ദേശമയച്ചത്. റഷ്യയിൽ സെക്യൂരിറ്റി ജോലിക്ക് വന്നതാണെന്നും യുദ്ധത്തിൽ പങ്കെടുക്കാനല്ല വന്നതെന്നും എങ്ങനെയെങ്കിലും രക്ഷിച്ച് തിരിച്ചെത്തിക്കണമെന്നുമാണ് ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അഫ്സാൻ പുറത്തുവിട്ട വീഡിയോ ദൃശ്യത്തിൽ പറഞ്ഞത്.

ഇത് പോലെ 11 യുവാക്കൾ കൂടി ഹാർകീവ്, ഡോണെട്സ്‌ക് എന്നിങ്ങനെ പല മേഖലകളിലായി കുടുങ്ങി. തെലങ്കാനയിൽ നിന്നും കശ്മീരിൽ നിന്നും രണ്ട് പേരും, കർണാടകയിൽ നിന്ന് മൂന്ന് പേരും, യുപിയിൽ നിന്നും ഒരാളുമായി നിലവിൽ കുടുങ്ങി കിടക്കുന്നതെന്നാണ് വിവരം. ഇവരെ രക്ഷിക്കാൻ റഷ്യയുമായി ചേർന്ന് കേന്ദ്രസർക്കാർ ശ്രമം തുടരുകയാണ്.

Advertisment