/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
ഡൽഹി: ഹിമാചല്‍ പ്രദേശില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെ പ്രധാനധ്യാപകന്റെയും അധ്യാപകരുടെയും ക്രൂരത. ഷിംലയിലെ റോഹ്രു സബ് ഡിവിഷനിലെ ഖദ്ദാപാനി പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.
ദളിത് സമുദായക്കാരനായ വിദ്യാര്‍ഥിയെ ജാതീയമായി അധിക്ഷേപിക്കുകയും പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടും മര്‍ദ്ദിച്ചുമാണ് അധ്യാപകര്‍ കുട്ടിക്ക് നേരെ കൊടിയ ക്രൂരത കാണിച്ചത്.
പ്രധാനാധ്യാപകന്‍ ദേവേന്ദ്ര, അധ്യാപകരായ ബാബു റാം, കൃതിക ഠാക്കൂര്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ പതിവായി മര്‍ദിക്കാറുണ്ടെന്ന് കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അധ്യാപകര്‍ കുട്ടിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയി പാന്റിനുള്ളില്‍ തേളിനെ ഇട്ടെന്നും മര്‍ദനത്തില്‍ കുട്ടിയുടെ ചെവിയില്‍ നിന്നും രക്തം വന്നെന്നും പരാതിയിലുണ്ട്. അധ്യാപകര്‍ക്കെതിര വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
അതേസമയം പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ കുടുംബത്തെ അധ്യാപകര്‍ ഭീഷണിപ്പെടുത്തിയതായും റിപോര്‍ട്ടുണ്ട്. പരാതി നല്‍കരുതെന്നും സമൂഹമാധ്യമങ്ങളില്‍ സംഭവത്തെ കുറിച്ച് പോസ്റ്റ് ചെയ്യരുതെന്നും പ്രധാന അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായാണ് രക്ഷിതാക്കള്‍ വ്യക്തമാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us