കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. റേഷന്‍ കുംഭകോണക്കേസില്‍ ഒളിവില്‍ കഴിയുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെയും സഹായികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ മാസം റേഷന്‍ കുംഭകോണക്കേസില്‍ വീട്ടില്‍ റെയ്ഡ് നടത്താന്‍ എത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തെ തൃണമൂല്‍ നേതാവിന്റെ അനുയായികള്‍ ആക്രമിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. സംഭവത്തെ തുടര്‍ന്ന് ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി സന്ദേശ്ഖാലിയില്‍ പ്രതിഷേധം നടന്നു വരികയാണ്.
ഷാജഹാനും സംഘവും തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുത്തുവെന്നുമാണ് സ്ത്രീകളുടെ ആരോപണം. കൈകളില്‍ വടികളും ചൂലുമായാണ് പ്രദേശത്തെ സ്ത്രീകള്‍ സന്ദേശ്ഖാലിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
ഷാജഹാന്റെ സഹായി ഷിബോപ്രസാദ് ഹസ്രയുടെ വീട് വെള്ളിയാഴ്ച ഉച്ചയോടെ പ്രതിഷേധക്കാര്‍ തകര്‍ക്കുകയും ഫര്‍ണിച്ചറുകള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഹസ്രയുടെ സെലിയാഖലിയിലെ കോഴി ഫാമും പ്രതിഷേധക്കാര്‍ കത്തിച്ചു. തങ്ങളില്‍ നിന്ന് തട്ടിയെടുത്ത ഭൂമിയിലാണ് ഈ ഫാമുകള്‍ നിര്‍മിച്ചതെന്നാണ് ഇവരുടെ ആരാപണം. തങ്ങളെ ഇവിടെ ജോലി ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിച്ചെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ കസ്റ്റഡിയിലെടുത്തതായി ഡിഐജി സുമിത് കുമാര്‍ പറഞ്ഞു. നിയമം കൈയിലെടുക്കരുതെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മനോജ് വര്‍മ പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.