/sathyam/media/media_files/2025/10/03/t-j-s-george-2025-10-03-19-05-58.jpg)
ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ടി.ജെ.എസ് ജോർജ് (97) അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. പത്ഭൂഷൺ, കേസരി, സ്വദേശാഭിമാനി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മജിസ്‌ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനായിരുന്നു തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി.ജെ. എസ്. ജോര്‍ജിന്റെ ജനനം.
ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തി. 1950 ല്‍ ബോംബെയിലെ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ പത്രപ്രവര്‍ത്തനജീവിതം ആരംഭിച്ചു.
ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച്ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എക്കണോമിക് റിവ്യൂ എന്നിവയില്‍ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ഹോങ്കോങ്ങിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്.
വി.കെ കൃഷ്ണമേനോൻ, എം.എസ് സുബ്ബലക്ഷ്മി, നർഗീസ്, പോത്തൻ ജോസഫ്, ലീക്വാൻ യ്യൂ തുടങ്ങിയവരുടെ ജീവചരിത്രങ്ങളും സ്വന്തം ഓർമക്കുറിപ്പുകളായ ഘോഷയാത്രയും ഉൾപ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി 20 ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.