ബംഗളൂരു: ബംഗളൂരുവിലെ കനത്ത മഴയിൽ മൂന്നു മരണം, 500 ൽ അധികം വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി.
നഗരത്തിലും, പരിസര പ്രദേശങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ മാസം 25 വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രണ്ടുദിവസം മുൻപ് തുടങ്ങിയ ശക്തമായ മഴ ബാംഗ്ലൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇപ്പോഴും തുടരുകയാണ്.
ശക്തമായ മഴയിൽ റിപ്പോർട്ട് ചെയ്ത മൂന്നു മരണങ്ങളിൽ രണ്ടെണ്ണം ഷോക്കേറ്റാണ്. വ്യവസായ സ്ഥാപനങ്ങളിലും പ്രധാന റോഡുകളിലുമെല്ലാം വെള്ളം കയറി.
എച്ച് എസ് ആർ ലേഔട്ട്, കൊറമംഗല, ബി ടി എം ലേഔട്ട്, മരത്തഹള്ളി തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി. ഇവിടങ്ങളിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
ഇലക്ട്രോണിക് സിറ്റി എലിവേറ്റഡ് എക്‌സ്പ്രസ്വേ കനത്ത വെള്ളക്കെട്ട് കാരണം മണിക്കൂറുകളോളം അടച്ചിട്ടു. സ്റ്റേഡിയങ്ങളും മെട്രോ സ്റ്റേഷനുകളും വെള്ളത്തിൽ മുങ്ങി.