ബംഗളൂരു: കടം വാങ്ങിയ പണം വര്‍ഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകാത്തതിനെ തുടര്‍ന്ന് ബന്ധുവിന്‍റെ വീടിന് തീയിട്ട് യുവാവ്.
ബന്ധുവായ വിവേക് നഗറിൽ താമസിക്കുന്ന വെങ്കട്ടരമണിയുടെ വീടിനാണ് സുബ്രമണി എന്ന യുവാവ് തീയിട്ടത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീടിനുള്ളിൽ കുടുംബാംഗങ്ങൾ ഉള്ളപ്പോൾ യുവാവ് വീടിന് വെളിയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
സുബ്രമണിയും വെങ്കിട്ടരമണിയുടെ കുടുംബവും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നു. എട്ടു വർഷങ്ങളായി തുടരുന്ന സാമ്പത്തിക തർക്കത്തെ ചൊല്ലി അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ ഇരു കൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി.
വീടിന്‍റെ മുൻഭാഗത്തിനും ജനാലകൾക്കും തീപിടിച്ചു. പെട്ടെന്ന് തന്നെ തീ നിയന്ത്രണവിധേയമാക്കി. അകത്തുണ്ടായിരുന്ന രണ്ടുപേർ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
സംഭവത്തെ തുടർന്ന് വെങ്കടരമണിയുടെ മകനായ സതീഷ് വിവേക്‌നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കൊലപാതകശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുബ്രമണി നിലവിൽ ഒളിവിലാണ് .