/sathyam/media/media_files/2025/08/23/images-1280-x-960-px256-2025-08-23-20-40-16.jpg)
ബംഗളൂരു: കർണാടകയിൽ അനധികൃത വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. 'പപ്പി' എന്നറിയപ്പെടുന്ന കെ.സി വീരേന്ദ്രയെ ആണ് ഇഡി അറസ്റ്റ് ചെയ്തത്.
വീരേന്ദ്രയുടെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ ഒരു കോടി രൂപയുടെ വിദേശ കറൻസിയടക്കം 12 കോടി രൂപയും ഇഡി കണ്ടെടുത്തു. 100 യുഎസ് ഡോളറിന്റെ കെട്ടുകൾ, 10, 20 ബിട്ടീഷ് പൗണ്ടുകൾ, 500 ദിർഹം, 100, 50 യൂറോ കറൻസി നോട്ടുകളാണ് കണ്ടെടുത്തത്.
ചിത്രദുർഗ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയ വീരേന്ദ്ര സിക്കിമിലെ ഗാങ്‌ടോക്കിലാണ് അറസ്റ്റിലായത്. അവിടെ പ്രാദേശിക കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി വീരേന്ദ്രയെ ബംഗളൂരുവിലേക്ക് കൊണ്ടുവരും.
വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വീരേന്ദ്രയുമായി ബന്ധപ്പെട്ട 31 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. ഗാങ്‌ടോക്, ചിത്രദുർഗ, ബംഗളൂരു സിറ്റി, ഹുബ്ബള്ളി, ജോധ്പൂർ, മുംബൈ എന്നിവിടങ്ങളിൽ റെയ്ഡ് നടന്നു.
ഗോവയിൽ വീരേന്ദ്രയുടെ ഉടമസ്ഥതയിലുള്ള പപ്പീസ് കാസിനോ ഗോൾഡ്, ഓഷ്യൻ റിവേർസ് കാസിനോ, പപ്പീസ് കാസിനോ പ്രൈഡ്, ഓഷ്യൻ 7 കാസിനോ, ബിഗ് ഡാഡി കാസിനോ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
വീരേന്ദ്രയുടെ നേതൃത്വത്തിൽ നിരവധി ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ സഹോദരന്റെ നേതൃത്വത്തിൽ വിദേശത്തും സ്ഥാപനങ്ങളുണ്ടെന്നും ഇഡി അധികൃതർ പറഞ്ഞു.
പണത്തിന് പുറമെ ആറ് കോടിയുടെ സ്വർണാഭരണങ്ങൾ, 10 കിലോ വെള്ളി ആഭരണങ്ങൾ, നാല് വാഹനങ്ങൾ എന്നിവയും കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇഡി കസ്റ്റഡിയിലെടുത്തു. 17 ബാങ്ക് എക്കൗണ്ടുകളും രണ്ട് ബാങ്ക് ലോക്കറുകളും മരവിപ്പിച്ചു.