ബെംഗളൂരു: ബെംഗളൂരുവിലെ ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ മഴയില്‍ മൂന്ന് മരണം. തിങ്കളാഴ്ച വൈകുന്നേരം ബിടിഎം ലേഔട്ടില്‍ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ വെള്ളക്കെട്ട് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ 12 വയസ്സകാരനും 63 വയസ്സുകാരനും വൈദ്യുതാഘാതമേറ്റ് മരിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. കെട്ടിടത്തിലെ താമസക്കാരനായ മന്‍മോഹന്‍ കാമത്ത് (63), അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ ജോലിക്കാരനായ നേപ്പാളി പൗരനായ ഭരതിന്റെ മകന്‍ ദിനേശ് (12) എന്നിവരാണ് കൊല്ലപ്പെട്ടത്.
വൈദ്യുതി മോട്ടോര്‍ ഉപയോഗിച്ച് കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴുക്കിക്കളയാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും വൈദ്യുതാഘാതമേറ്റാണ് മരിച്ചത്.
നേരത്തെ, വൈറ്റ്ഫീല്‍ഡില്‍ കനത്ത മഴയെത്തുടര്‍ന്ന് ഒരു കോമ്പൗണ്ട് മതില്‍ ഇടിഞ്ഞുവീണ് 35 വയസ്സുള്ള ഒരു വീട്ടുജോലിക്കാരി മരിച്ചിരുന്നു.
ഞായറാഴ്ചയും തിങ്കളാഴ്ചയും ഇടയിലുള്ള രാത്രികളില്‍ നഗരത്തില്‍ ആറ് മണിക്കൂറിലധികം കനത്ത മഴ പെയ്തു. കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലുടനീളമുള്ള നിരവധി റോഡുകളും ബേസ്മെന്റുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.