സർക്കാർ ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്ന് സ്വന്തം കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ചു. മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിൽ

ഒരു രാത്രി മുഴുവൻ കുഞ്ഞ് കാട്ടിൽ അതിജീവിച്ചു. പിറ്റേന്ന് രാവിലെ പ്രഭാതസവാരിക്കിറങ്ങിയ ഗ്രാമവാസികളാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് നോക്കിയത്. 

New Update
new born baby

ഭോപ്പാൽ: സർക്കാർ ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്ന് സ്വന്തം കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് ദമ്പതികൾ. മധ്യപ്രദേശിലെ ഛിന്ദ്വാരയിലാണ് സംഭവം. 

Advertisment

സർക്കാർ സ്കൂൾ അധ്യാപകനായ ബബ്ലു ദണ്ഡോലിയയും ഭാര്യ രാജ്കുമാരി ദണ്ഡോലിയയും ചേർന്നാണ് തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.


നാലാമത്തെ കുഞ്ഞായതിനാൽ ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്ന് മൂന്ന് കുഞ്ഞുങ്ങളുള്ള ദമ്പതികൾ ഗർഭവിവരം രഹസ്യമായി വച്ചിരിക്കുകയായിരുന്നു. 


സെപ്റ്റംബർ 23 നാണ് രാജ്‌കുമാരി വീട്ടിൽ പ്രസവിച്ചത്. തുടർന്ന് ബബ്ലു കുഞ്ഞിനെ അടുത്തുള്ള കാട്ടിലെ കല്ലുകൾക്കിടയിൽ ഉപേക്ഷിക്കുകയായിരുന്നു.

ഒരു രാത്രി മുഴുവൻ കുഞ്ഞ് കാട്ടിൽ അതിജീവിച്ചു. പിറ്റേന്ന് രാവിലെ പ്രഭാതസവാരിക്കിറങ്ങിയ ഗ്രാമവാസികളാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് നോക്കിയത്. 


ആദ്യം വന്യമൃഗങ്ങളായിരിക്കും എന്ന് കരുതി അവഗണിച്ചെങ്കിലും തുടർച്ചയായുള്ള കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ കണ്ടത്. തുടർന്ന് ഗ്രാമവാസികൾ കുഞ്ഞിനെ ചിന്ദ്വാരാ ജില്ലാ ആശുപത്രിയിലെത്തിച്ചു.


കുഞ്ഞിന് ഉറുമ്പുകളുടെ കടിയേറ്റിട്ടുണ്ടെന്നും ശരീരത്തിലെ താപനില ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. കുഞ്ഞിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Advertisment